ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. അതിനെ ആശ്രയിച്ച് ഇവി തന്ത്രം വികസിപ്പിക്കുമെന്നും പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഉയർന്നുവരുന്ന സാഹചര്യത്തെ ആശ്രയിച്ച്, ഇന്ത്യയിൽ കൂടുതൽ ഇലക്ട്രിക് കാറുകളുടെ പ്രവേശനത്തിന് ജെഎൽആർ ഇന്ത്യ തന്ത്രം മെനയുമെന്നാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.
ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, വിവിധ ഘടകങ്ങളുടെ ആവശ്യകതയിൽ ഇന്ത്യൻ വിപണി വ്യത്യസ്തമാണെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ജാഗ്വാർ ഐ-പേസ് എന്ന ഒരു ഇലക്ട്രിക് കാർ മാത്രമാണ് വാഹന നിർമ്മാതാവ് വിൽക്കുന്നത് . ആഡംബര ഇലക്ട്രിക് കാർ സെഗ്‌മെന്റിൽ, മെഴ്‌സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, പോർഷെ, വോൾവോ എന്നിവ ഇതിനകം തന്നെ തങ്ങളുടെ ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, വോൾവോ എന്നിവയ്ക്ക് ഇന്ത്യയിൽ ഒന്നിലധികം ഇലക്ട്രിക് കാറുകൾ ഓഫറുണ്ട്.