കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡന കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിൽ അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. ഡോ. പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നുമായിരുന്നു അതിജീവതയുടെ പരാതി. പ്രീതിക്കെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
വൈദ്യപരിശോധന നടത്തിയ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി. കൂടാതെ ശരീരത്തിൽ കണ്ട മുറിവുകൾ രേഖപ്പെടുത്താൻ നേഴ്സുമാർ പറഞ്ഞപ്പോൾ ഡോക്ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കെെമാറുകയും പിന്നീട് അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് എ.സി.പി പ്രീതയുടെ ഉൾപ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പടുത്തിയിരുന്നു.