സോളാർ കേസിൽ അബ്ദുള്ളക്കുട്ടിക്കും പങ്ക്?

സോളാർ കേസിൽ പിണറായി സർക്കാറിനെ വെട്ടിലാക്കാൻ ശ്രമിച്ച് സ്വയം വെട്ടിലായ അവസ്ഥയിലാണിപ്പോൾ കോൺഗ്രസ്സ് നേതൃത്യമുള്ളത്. ഉമ്മൻചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് പാർട്ടിയിൽ ഭിന്നാഭിപ്രായമുള്ളത്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലും കേരള പൊലീസ് അന്വേഷിച്ചാലും കുരിക്കിലാവാൻ പോകുന്നത് കോൺഗ്രസ്സ് നേതാക്കൾ ആണെന്ന നല്ല ബോധ്യം നേതാക്കൾക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് മുൻ ആഭ്യന്തര മന്ത്രിമാരായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ അന്വേഷണത്തെ ഭയക്കുന്നതെന്നാണ് കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. ഇക്കാര്യത്തിൽ യു.ഡി.എഫ് അണികൾക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഉമ്മൻചാണ്ടിയെ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ആരായാലും ആ ഗൂഢാലോചന പുറത്തു വരണമെന്നതാണ് അണികളുടെ ആവശ്യം. യു.ഡി.എഫ് ഘടക കക്ഷികൾക്കിടയിലും ഇതേ അഭിപ്രായം ശക്തമായതോടെയാണ് അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. പാർട്ടിയിലെ എതിരാളികളെ ഒതുക്കാനുളള അവസരമായാണ് സോളാർ ഗൂഢാലോചന കേസിനെ വി.ഡി സതീശൻ നോക്കി കാണുന്നത്.

സർക്കാർ ഈ കേസിൽ കക്ഷിയല്ലാത്തതിനാൽ പുനരന്വേഷണം അടക്കമുള്ളവയ്ക്ക് സർക്കാരിന് നേരിട്ട് തീരുമാനമെടുക്കാൻ തടസ്സമുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് കത്ത് നൽകിയാൽ അത് മുൻ നിർത്തി സി.ബി.ഐയോട് ആവശ്യപ്പെടാൻ സർക്കാറിനു കഴിയും. പരാതിക്കു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.ബി.ഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായവർക്ക് മാനനഷ്ടത്തിന് കേസ് നൽകാൻ തടസ്സമില്ലങ്കിലും ഈ കേസിൽ ഉമ്മൻചാണ്ടി ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയമായി പരാതി നൽകേണ്ടത് കോൺഗ്രസ് നേതാക്കളുടെയും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും ബാധ്യതയാണ്. ആ കടമ സതീശനെങ്കിലും നിറവേറ്റുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേർത്തതാണെന്ന സി.ബി.ഐ.യുടെ കണ്ടത്തലിലാണ്. പ്രതിപക്ഷ നേതാവിപ്പോൾ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണംതന്നെ വേണമെന്ന ആവശ്യമാണ് സതീശൻ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണം വേണ്ട നടപടിയാണ് വേണ്ടതെന്ന നിലപാട് യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ സ്വീകരിച്ച ഘട്ടത്തിൽ തന്നെയാണ് വി.ഡി സതീശൻ ഇത്തരമൊരു നിലപാട് പരസ്യമാക്കിയിരിക്കുന്നത്. ഇക്കര്യം മുൻ നിർത്തി കത്തു നൽകാൻ പ്രതിപക്ഷ നേതാവ് തയ്യാറായാൽ കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അതോടെ പുറത്തു വരിക.

അതേസമയം ഐ ഗ്രൂപ്പ് നേതാക്കൾ മാത്രമല്ല എ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിനെ ഭയക്കുന്നുണ്ട്. അതും ഇപ്പോൾ വ്യക്തമാണ്. എന്തിനേറെ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പോലും പറയുന്നത് “കഴിഞ്ഞത് കഴിഞ്ഞു, ഇനിയൊരു അന്വേഷണവും വേണ്ടതില്ലന്നാണ്” സോളാ‌ർ പീഡനക്കേസിൽ പൊതുപണത്തിൽ നിന്നും കോടികൾ മുടക്കി അന്വേഷണം നടത്തുന്നതിലുള്ള എതിർപ്പാണ് ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചതെങ്കിലും ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ ചാണ്ടി ഉമ്മനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന കാര്യത്തിൽ പരക്കെ സംശയം ഉയർന്നിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ ചോദ്യത്തിനും കോൺഗ്രസ്സ് നേതൃത്വം ഇനി മറുപടി പറയേണ്ടി വരും.

നീണ്ട ഒമ്പതു വർഷം കേരള രാഷ്ട്രീയത്തേയും അതിലേറെ കോൺഗ്രസിനേയും പിടിച്ചുലച്ച ശേഷമാണ് സോളാർ കേസ് ഇപ്പോൾ കാറ്റൊഴിഞ്ഞ ബലൂൺ പോലെ ആയി മാറിയിരിക്കുന്നത്. ഇത്തരം ഒരവസ്ഥ ഈ കേസിന് ഉണ്ടാക്കി കൊടുത്തതിൽ ചെറുതല്ലാത്ത ഒരു പങ്ക് കോൺഗ്രസ്സിൽ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറി പിന്നീട് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് വരെയായ എ.പി അബ്ദുള്ളക്കുട്ടിക്കും ഉണ്ടെന്ന ആരോപണവും അണിയറയിൽ ശക്തമാണ്. ഉന്നതനായ ബി.ജെ.പി നേതാവിനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നൽകുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

സോളാർ കേസുണ്ടായതും അറസ്റ്റ് നടന്നതും എല്ലാം യു.ഡി.എഫ് ഭരണ കാലത്താണ്. സോളാർ കമ്മീഷനെ വച്ച് അന്വേഷണം നടത്തിച്ചതും ഉമ്മൻ ചാണ്ടി സർക്കാറാണ്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എ.പി.അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ തുടങ്ങിയ 30 ഓളം യു.ഡി.എഫ് നേതാക്കളുമായി സോളാർ നായിക ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ പുറത്ത് വന്നതും യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. കോൺഗ്രസ്സ് നേതാക്കൾ മറന്നാലും രാഷ്ട്രീയ കേരളത്തിന് ഇതൊന്നും അത്രപെട്ടന്ന് മറക്കുവാൻ സാധിക്കുകയില്ല.

Leave A Reply