മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് ഇരുപതാം തീയതി ഇടതുമുന്നണിയോഗം നടക്കുന്നത് , ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ യോഗത്തിന് പ്രാധാന്യമേറും. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കെല്ലാം മന്ത്രിസഭ പുനഃസംഘടനാ വിഷയത്തിൽ അഭിപ്രായങ്ങളുണ്ടെന്നാണ് മനസ്സിലാക്കുന്നത് .
അതിൽ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനോട് ഭൂരിപക്ഷം ഘടകകക്ഷികളും എതിരാണന്നാണ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ ലഭിക്കുന്ന വിവരം. ഗണേശനെ മന്ത്രിസഭയിലെടുത്താൽ അത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകാനിടയാകും . ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയെല്ലാം ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗണേശനെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം .
ഒരു മുന്നണിയിൽ പ്രത്യേകിച്ച് ഭരണ മുന്നണിയിൽ നിന്നുകൊണ്ട് അതിന്റെ അമരക്കാരനെയും കൂടെ ഉള്ളവരെയും സമൂഹത്തിലെ ഏറ്റവും മ്ലേച്ചകരമായ വസ്തുതകൾ നിരത്തി ആക്ഷേപിക്കുകയും ഈ ആക്ഷേപങ്ങൾ നിരത്തി ബ്ലാക്ക് മെയിൽ ചെയ്യുവാൻ ഇടനിലക്കാരെ അയക്കുകയും ചെയ്ത ഒരാളെ എന്തിന്റെ പേരിലായാലും മന്ത്രിസഭയിൽ കൊണ്ടുവരുന്നത് മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഘടകകക്ഷികളെല്ലാം അടക്കം പറയുന്നത് .
പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്ന് പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ പരസ്യമായി വിളിച്ച ഗണേശനേയും അടുത്തദിവസം നിയമസഭയിൽ അതിനെ ചൊല്ലി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ഷമാപണം നടത്തിയതും ആരും മറന്നു പോകരുത് .
ഗണേശന് വേണ്ടിയും മന്ത്രിസഭയ്ക്ക് വേണ്ടിയും വിഎസിനോട് ക്ഷമ ചോദിക്കേണ്ടിവന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാനസികാവസ്ഥയും മാന്യതയും കാണാതെ പോകരുത് . മന്ത്രിമാരുടെ മാറ്റത്തിൽ അഹമ്മദ് ദേവർകോവിലും ആന്റണി രാജൂവും മാറും .
ഘടകകക്ഷികളിൽ എൽ ജെ ഡി യ്ക്കാണ് മന്ത്രിസ്ഥാനം ലഭ്യമാകാത്ത ഒരു പാർട്ടി . ഇടതുമുന്നണി അത് വേണ്ട രീതിയിൽ പരിഗണിക്കുമെന്നാണ് പാർട്ടി പ്രസിഡന്റ് ശ്രേയസ് കുമാറിന്റെ കണക്കുകൂട്ടൽ. ആശയപരമായി രണ്ടു ധ്രുവത്തിൽ നിൽക്കുന്ന ജനതാ പാർട്ടിയെ ഒന്നിപ്പിക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ തങ്ങളെ പരിഗണിക്കണമെന്ന് തന്നെയാണ് എൽ ജെ ഡി ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാൽ കെ പി മോഹനൻ മന്ത്രിയാകും.
ജനതാദൾ ആശയക്കുഴപ്പത്തിലാണ്. കൃഷ്ണൻകുട്ടിയെ നിലനിർത്തി പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റുന്ന അവസ്ഥയല്ല. കാലാകാലങ്ങളായി പാർട്ടി അധികാരം പങ്കിടുന്ന രീതി തന്നെയാണ് പിന്‍ തുടരുന്നത്. ആ നിലയ്ക്ക് രണ്ടര വർഷം ആകുമ്പോൾ മാത്യു ടി തോമസിനെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന് അവരുടെ ഇടയിൽ ശക്തമായ അഭിപ്രായമുണ്ട് .
കെഎസ്ആർടിസി ലാഭത്തിൽ വന്ന ഏക സന്ദർഭം മാത്യു.ടി തോമസ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. അതുപോലെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വൈദ്യുതി വകുപ്പിൽ മാത്യു ടി വന്നാൽ വകുപ്പ് നേരെയാകുമെന്ന് മാത്രമല്ല പാർട്ടിയിലെ മുറുമുറുപ്പും അവസാനിക്കും .
കോവൂർ കുഞ്ഞുമോന് തിരെ സാധ്യതയില്ലാത്തത് കുഞ്ഞുമോൻ ഘടകകക്ഷി അല്ലന്നത് തന്നെയാണ് . കോവൂർ കുഞ്ഞുമോനെ ഇടതുമുന്നണി പിൻതാങ്ങിയെന്നതും ജയിച്ച കുഞ്ഞുമോൻ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നുവെന്നും മാത്രമേ ഉള്ളൂ.
അങ്ങനെ വരുമ്പോൾ പരസ്യ വിചാരണയിൽ നിൽക്കുന്ന ഗണേശനെ മാറ്റിനിർത്തിയാൽ എൽ ജെ ഡി ഉൾപ്പെടെയുള്ള ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണിക്ക് ആരോടും പ്രത്യേക പ്രതിബദ്ധത ഇല്ലന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ജനത്തെ ബോധിപ്പിക്കാനും സാധിക്കും.
മാണി ഗ്രൂപ്പ് വലിയ കരുതലോടെയാണ് ചുവട് വയ്ക്കുന്നത്. മാണി ഗ്രൂപ്പ് ചെയർമാൻ ജോസ് കെ മാണിയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം അടിച്ചിറക്കുകയും അതിനുവേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത അതൃപ്തിയുണ്ടങ്കിലും മുന്നണിയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും അവർ നിലകൊള്ളും.
മുന്നണിയിലെ മൂന്നാം ഘടകകക്ഷിയായ 5 എം എൽ എ മാരുള്ള പാർട്ടിയെന്ന നിലയിൽ രണ്ടാമത് ഒരു മന്ത്രിയെ കൂടെ ആവശ്യപ്പെടണമെന്നാണ് മാണി ഗ്രൂപ്പിന്റെ പൊതു ധാരണ . കോട്ടയം ജില്ലയിൽ അവർക്ക് ഒരു മന്ത്രി ഇല്ലാത്തതും ഇടതുമുന്നണിയോട് വലിയ ആഭിമുഖ്യം ഇല്ലാത്ത എൻഎസ്എസിനെ മുന്നണിയോട് അടുപ്പിക്കാനും പ്രൊഫസർ എൻ ജയരാജനെ മന്ത്രിയാക്കുക വഴി സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത് .
വരുംകാലങ്ങളിൽ കോട്ടയം പത്തനംതിട്ട ജില്ല മാണി ഗ്രൂപ്പിനും അതുവഴി ഇടതുമുന്നണിക്ക് അടുത്തറ വികസിപ്പിക്കണമെങ്കിൽ പ്രൊഫസർ ജയരാജിനെ പോലെയോരാൾ മന്ത്രിസഭയിൽ വരേണ്ടത് ആവശ്യമാണ്. അത് അടുത്ത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് ഗുണം ചെയ്യും.
നിപ്പയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്ന ആവശ്യം പാർട്ടി വയ്ക്കുന്നു . പഴവർഗ കൃഷിക്കാരുടെ അടിവേര് ഇളക്കുന്ന നടപടിയാണ് സർക്കാരിന്റെ ചില ഏജൻസികൾ നടത്തുന്നതന്നും അതിനു മതിയായ പഠനം നടത്തി തടയിടണമെന്നും ആവശ്യപ്പെടുന്നു .
കഴിഞ്ഞ പ്രാവശ്യത്തെ നിപ്പയിൽ ഒരു കർഷകന് മാത്രം 50 ലക്ഷത്തിൽ പരം നഷ്ടമുണ്ടായിയെന്നാണ് കണക്ക്. ഇത്തവണ നിപ്പയുടെ പേര് പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ പഴവർഗ്ഗങ്ങളാണ് ഉപയോഗശൂന്യമാകുന്നത്. ഈ സാഹചര്യത്തിൽ കോഴി, താറാവ് കൃഷിക്കാർക്ക് പക്ഷി വസന്ത വരുമ്പോൾ നൽകുന്ന രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നാണ് അവർ ആവശ്യം .
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മാണി ഗ്രൂപ്പ് 3 ലോക്സഭാ സീറ്റിൽ ആവശ്യം ഉന്നയിക്കാനാണ് തീരുമാനം . ഏതായാലും മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് അപ്രിയമായ ഒരു തീരുമാനവും മാണി ഗ്രൂപ്പിൽ നിന്നും ഉണ്ടാകില്ലന്നാണ് മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കിയത് .
എന്നാൽ അർഹതപ്പെട്ടത് എല്ലാം ചോദിച്ചു വാങ്ങണം . കാരണം കരയുന്ന കൊച്ചിനെ പാലുള്ളൂവെന്നത് അലിഖിത നിയമമാണ്. ഏതായാലും കെ ബി ഗണേഷ് കുമാറിന്റെ നില കൂടുതൽ പരുങ്ങലിലാണ് .