നട്ട കുരുക്കാത്ത നുണ കഥകൾ എഴുതി പടച്ചുവിടാൻ മനോരമയെ പോലൊരു മാധ്യമം വേറെ ഇല്ല. . . . മാസപ്പടി വിവാദവും പുതുപ്പള്ളി തിരഞ്ഞെടുപ്പും. . . . സോളാർ ലൈംഗിക പീഡന ഗൂഢാലോചനയും ഇല്ലാത്ത മന്ത്രിസഭാ പുനഃസംഘടനയും സിപിഐ എമ്മിനെതിരെ പ്രയോഗിക്കാമെന്ന വ്യാമോഹം പൊളിഞ്ഞതോടെ നിപാ ‘പ്രതിരോധം പാളി’യെന്ന നുണ കഥയുമായി എത്തിയിരിക്കുകയാണ് മനോരമ.
സിബിഐ റിപ്പോർട്ട് വച്ച് സോളാറിനു ‘പിന്നിൽ സിപിഐ എം’ എന്ന ലീഡും എഡിറ്റോറിയലും നിയമസഭാ പ്രസംഗങ്ങളുമടക്കം 30 വാർത്തയാണ് മനോരമ ഒറ്റ ദിവസം കൊടുത്തത്. ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഐ എമ്മാണെന്ന് സ്ഥാപിക്കാനായിരുന്നു അവരുടെ ശ്രമം. . .
എന്നാൽ, യുഡിഎഫ് ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അങ്കലാപ്പ് കോൺഗ്രസിലും ഉമ്മൻചാണ്ടിയുടെ കുടുംബത്തിലുമായി. വീണ്ടും ലൈംഗിക പീഡന കഥകളിൽ കോൺഗ്രസ് നേതാക്കൾ നിറയുമെന്നും ഗൂഢാലോചനയുടെ അടിവേരുകൾ മുൻ ആഭ്യന്തരമന്ത്രിമാരിലേക്ക് എത്തുമെന്നും മനസ്സിലായി. ഉമ്മൻചാണ്ടിയുടെ കുടുംബം തുടരന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. . . . എൽഡിഎഫിനെതിരെ വലിയ സന്നാഹവുമായി പുറപ്പെട്ട മനോരമയ്ക്ക് സോളാറിൽ ‘സഡൺബ്രേക്ക്’ ഇടേണ്ടി വന്നു. അങ്ങനെയാണ്, മന്ത്രിസഭാ പുനഃസംഘടനയിലേക്ക് എന്ന വ്യാജ വാർത്തയിലേക്കും നിപാ പ്രതിരോധം പാളിയെന്ന നുണയിലേക്കും എത്തിയത്.
യുഡിഎഫ് നേതാക്കളടക്കം ഈ ആക്ഷേപം ഏറ്റുപറയാൻ തയ്യാറാകില്ല. അത്ര കൃത്യതയോടെയുള്ള പ്രതിരോധമാണ് സർക്കാർ ഇടപെട്ട് നടത്തിയത്. ഇപ്പോൾ ആശ്വാസ വാർത്തകൾ വരുന്നതും അതിന്റെ ഫലമാണ്. മറ്റു മാധ്യമങ്ങളിലെ വാർത്തകൾ അത് തെളിയിക്കുന്നുമുണ്ട്. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ജില്ലയിൽ ക്യാമ്പ് ചെയ്‌താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിപായിൽ തങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്ന പ്രതിപക്ഷനിലപാടുപോലും മനോരമ വകവച്ചില്ല. കരുതൽ നടപടികളെ കേന്ദ്ര പ്രതിനിധിസംഘവും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടികളുടെയും യോഗവും പിന്തുണച്ചിരുന്നു. എന്നാൽ, പട്ടികയിലില്ലാത്ത ഒരാൾക്ക് നിപാ സ്ഥിരീകരിച്ചത് പാളിച്ചയെന്ന് സ്ഥാപിക്കാനാണ് മനോരമ ഇപ്പോൾ ശ്രമിക്കുന്നത്. . .
ആദ്യംമരിച്ച മുഹമ്മദലി ചികിത്സയിലിരിക്കെ മറ്റൊരാൾക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയതാണ് ആറാമതായി രോഗബാധിതനായ ചെറുവണ്ണൂർ സ്വദേശി. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സമ്പർക്ക പട്ടിക കണ്ടെത്തൽ താരതമ്യേന എളുപ്പമാണ്. ഒട്ടേറെ കൂട്ടിരിപ്പുകാർ ഉണ്ടാകുമെന്നതിനാൽ അവരെ കണ്ടെത്തൽ സങ്കീർണമാണ്. നിപാ സ്ഥിരീകരിച്ചതിന്റെ പിറ്റേന്ന് (സെപ്‌തംബർ 13) രാത്രിതന്നെ മുഹമ്മദലിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആഗസ്‌ത് 29ന് പുലർച്ചെ 2.30 മുതൽ 4.15 വരെ ഇഖ്‌റ ആശുപത്രി എമർജൻസി വിഭാഗത്തിലും 4.15ന് എംഐസിയുവിലും രോഗി ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ഈ സമയങ്ങളിൽ ഇവിടെ ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു.
കൺട്രോൾ റൂമിൽ എൺപതോളം ആരോഗ്യ പ്രവർത്തകർ രാപകൽ അധ്വാനിച്ചാണ് ആയിരത്തിലേറെ പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കിയത്. നിപാ സ്ഥിരീകരിച്ചശേഷം റിപ്പോർട്ട് ചെയ്‌ത രണ്ട് കേസിൽ ഒന്ന് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ്. മരിച്ച ആദ്യ രോഗിക്ക് നിപാ സ്ഥിരീകരിക്കാനുമായി. പട്ടിക തയ്യാറാക്കാൻ പൊലീസിന് വിവരം കൈമാറിയില്ലെന്ന നുണയും വാർത്തയിലുണ്ട്. വ്യാഴം മുതൽ കൺട്രോൾ റൂമിൽ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ട്. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ സാമ്പിൾ പരിശോധനയെയും വാർത്ത സംശയനിഴലിലാക്കുന്നു. സ്രവം സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിൽ എത്തിക്കണമെന്ന് ചട്ടമില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ അപേക്ഷ മതി. കൺട്രോൾ സെല്ലിലെ ചുമതലയുള്ളയാൾ കൃത്യമായി നടപടിയെടുത്തതിനാലാണ് കാലതാമസമില്ലാതെ ഫലം കിട്ടിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ ദൗത്യം ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണത്തിനെതിരെയും ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി.