മൂന്നാർ: അവർ നാല് പേർ , ഇനിയും മൃതദേഹ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനാകാത്ത ആ മനുഷ്യരുടെ ബന്ധുക്കൾക്ക് മരണസർട്ടിഫിക്കറ്റ് നൽകിയതോടെ സമാനതകളില്ലാത്ത ദുരന്തത്തിൽ 70 പേർക്ക് ജീവൻ നഷ്ടമായതായി സ്ഥിരീകരണവുമായി. ഒരു ഗർഭിണിയും 18കുട്ടികളുമടക്കം ദരിദ്രരിൽ ദരിദ്രരായ പെട്ടിമുടിയിലെ ആ ഹതഭാഗ്യരുടെ വേർപാടിന് ഇന്ന് മൂന്ന് വർഷമാവുകയാണ്. പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ വിറങ്ങലിച്ച ദൃശ്യങ്ങൾ ഇപ്പോഴും മലയാളികളുടെ മനസിൽ മായാതെ കിടക്കുകയാണ്.
കണ്ണൻദേവൻ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 12 പേരെ രക്ഷപ്പെടുത്തി. 66 പേരുടെ മൃതദേഹം കണ്ടെത്തി. 4 പേരുടെ മൃതദേഹം കണ്ടുകിട്ടിയില്ല. നീണ്ട 18 ദിവസത്തെ പരിശോധനക്ക് ശേഷം കഴിഞ്ഞ ആഗസ്ത് 25ന് ആണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തിരച്ചിൽ അവസാനിപ്പിച്ചത്.
ഒന്നര കീലോ മീറ്ററോളം ദൂരെ മലമുകളിൽ നിന്നാണ് ഉരുൾപൊട്ടൽ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ) ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തിൽ തകർന്നത്. സ്ഥലത്ത് വലിയ തോതിൽ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. അപകടത്തിൽപ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയിൽ നടത്തിയ തെരച്ചിലിൽ കി.മീ. അകലെ നിന്നടക്കമാണ് കണ്ടെത്തിയത്. ലയങ്ങളിലെ സൗകര്യകുറവ് മൂലം ഒരു മുറിയിൽ തന്നെയാണ് ആറും ഏഴും പേർ വരെ അടങ്ങുന്ന കുടുംബങ്ങൾ കിടന്നുറങ്ങിയിരുന്നത്.
അപകട വിവരം പുറത്തറിയുന്നത് പിറ്റേദിവസം രാവിലെ ഏഴ് മണിയോടെയാണ്. ഇവിടെ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതും മൊബൈൽ ടവർ പ്രവർത്തിക്കാത്തതും വാഹനങ്ങൾ അപകടത്തിൽ തകർന്നതും വഴിയടഞ്ഞതുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു.തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾക്കൊപ്പം ഇതര ജോലി ചെയ്യുന്നവരും ഒപ്പം താമസിച്ചിരുന്നു. 2018ലെ കനത്ത മഴയിൽ പോലും ഇവിടെ മണ്ണിടിച്ചിലുണ്ടായിട്ടില്ല. അത്രയും സുരക്ഷിതമായ ഇടമെന്ന് കരുതിയ മേഖലയാണ് മലവെള്ളപ്പാച്ചിലിൽ തുടച്ച് നീക്കപ്പെട്ടത്. നിലവിൽ ഈ പ്രദേശം ആരും തിരിഞ്ഞുനോക്കാതെ കാടുപിടിച്ച് കിടിക്കുകയാണ്.