ഡൽഹി: ഹരിയാനയിലെ നൂഹിൽ കലാപത്തിന് പിന്നാലെ തുടങ്ങിയ സർക്കാർ സ്പോൺസേഡ് പൊളിക്കൽ നാലാം ദിവസവും തുടരുന്നു. ഞായറാഴ്ച സഹാറ ഹോട്ടലാണ് തകർത്തത്. കഴിഞ്ഞ ദിവസം പ്രദേശത്തെ കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ച് നീക്കിയിരുന്നു.ഇതുവരെ 50 മുതൽ 60 വരെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയെന്നാണ് കണക്കാക്കുന്നത്. അതേസമയം, പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇന്റർനെറ്റ് നിരോധനം ആഗസ്റ്റ് എട്ട് വരെ തുടരും.
നൂഹ് വർഗീയ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയതിനുപിന്നാലെ വ്യാപാര സ്ഥാപനങ്ങളും ശനിയാഴ്ച ഇടിച്ചുനിരത്തയത്. അനധികൃതമെന്ന് ആരോപിച്ച് രണ്ടുഡസൻ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ 45ലധികം കടകളാണ് പ്രാദേശിക ഭരണകൂടം ഇടിച്ചുനിരത്തിയത്.നൽഹാർ റോഡിൽ എസ്.കെ.എച്ച്.എം ഗവൺമെന്റ് മെഡിക്കൽ കോളജിന് സമീപത്തെ കടകളാണ് കനത്ത പൊലീസ് ബന്തവസ്സിൽ തകർത്തത്.