വലിയ മാറ്റങ്ങൾ ഉണ്ടാക്കും വിധം കൃഷി സമൃദ്ധി ഉയർന്നു: മന്ത്രി കെ രാജൻ

തൃശൂർ: ജൈവ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കണമെന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് കൃഷി സമൃദ്ധി ഉയർന്നുവെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സമൃദ്ധി ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതത്തിരക്കുകൾക്കിടയിൽ ആരോഗ്യപരിപാലനം അത്യന്താപേക്ഷിതമായി ചിന്തിക്കേണ്ടതുണ്ട്. എല്ലാം ഇൻസ്റ്റൻ്റായി ലഭിക്കുന്ന ഈ കാലത്ത് ഗുണമേന്മയുള്ളവ ജീവിതത്തിൻ്റെ ഭാഗമാക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.
കർഷകരും കർഷക ഉൽപാദന കമ്പനികളും നേരിട്ട് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളും കർഷകരുടെ ഗുണമേന്മയുള്ള നാടൻ പഴങ്ങളും പച്ചക്കറികളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഇടമാണ് സമൃദ്ധി ഇക്കോ ഷോപ്പ്. ഹോട്ടികോർപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ഹോർട്ടി ഗ്രാമശ്രീ സ്റ്റോറായും ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് നടത്തറ സമൃദ്ധി ഇക്കോ ഷോപ്പ് പ്രവർത്തിക്കും.
അട്ടപ്പാടി മില്ലെറ്റുകൾ, മറയൂർ ശർക്കര, കൊടുമൺ ബ്രാൻഡ് അരിയും ഉൽപന്നങ്ങളും, അതിരപ്പിള്ളി കോഫി – സ്പൈസസ് തുടങ്ങിയ കേരളത്തിന്റെ സ്വന്തം മൂല്യവർദ്ധിത ഉൽപന്നങ്ങളെല്ലാം ഷോപ്പിൽ ലഭ്യമാണ്. വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ ഒല്ലൂർ കൃഷി സമൃദ്ധിയുടെ മുരിങ്ങയില ഉൽപന്നങ്ങളും ഈ സ്റ്റോർ വഴി ലഭിക്കും.
ഒല്ലൂർ കൃഷി സമൃദ്ധി ചെയർമാൻ കനിഷ്കൻ കെ വിൽസൺ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എം എസ് പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ എംപി അനൂപ് പദ്ധതി വിശദീകരിച്ചു. തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, എ ഡി എ സത്യവർമ്മ, സിഇഒ കെ യു ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബാബു ആദ്യ വില്പന നടത്തി.
Leave A Reply