ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍; അതിഥി തൊഴിലാളി ജാനയും കുഞ്ഞും സുരക്ഷിതര്‍

ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍. നേപ്പാള്‍ സ്വദേശിയായ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായി. വള്ളികുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് അതിഥി തൊഴിലാളിയായ ജാന ദര്‍ജിയുടെയും നവജാതശിശുവിന്റെയും ജിവന്‍ രക്ഷിക്കാനായത്.

വള്ളികുന്നം പുത്തന്‍ ചന്തയിലാണ് ജാനയും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരമായി ഇടപെട്ടിരുന്നു. എന്നാല്‍ ഡോക്ടറെ കാണാനോ പരിശോധനകള്‍ക്കോ ആശുപത്രിയില്‍ എത്താന്‍ ഇവര്‍ തയ്യാറായില്ല.

പ്രസവം അടുത്തതോടെ വള്ളികുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്രീലത എന്നിവര്‍ ഇവരുമായി വീണ്ടും സംസാരിച്ച്  കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി എത്തിച്ചു. സ്വാഭാവിക പ്രസവം അസാധ്യമായ നിലയിലായാണ് കുട്ടിയുടെ തലയുറച്ചത് എന്ന് പരിശോധകളില്‍ നിന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി 28 കാരിയായ ജാനയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ 2.27 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. പാര്‍വതി, കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയത്.

Leave A Reply