സാംക്രമിക രോഗങ്ങൾ സ്ഥിരീകരിച്ചു റിപ്പോർട്ട് നൽകുന്ന ജില്ലയിലെ പബ്ലിക് ഹെൽത്ത് ലാബിലെ 5 ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചു
കൊല്ലം∙ സാംക്രമിക രോഗങ്ങൾ സ്ഥിരീകരിച്ചു റിപ്പോർട്ട് നൽകുന്ന ജില്ലയിലെ പബ്ലിക് ഹെൽത്ത് ലാബിലെ 5 ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചു. നിലവിൽ 2 താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ലാബിന്റെ പ്രവർത്തനം. ഒരു ജൂനിയർ സയന്റിസ്റ്റ് അടക്കം 5 ജീവനക്കാരാണ് ലാബിലുള്ളത്. ഇവർക്കെല്ലാം ഡെങ്കിപ്പനി ബാധിച്ചതോടെ ലാബ് പൂട്ടി.
പിന്നീടാണ് താൽക്കാലികമായി 2 ജീവനക്കാരെ നിയോഗിച്ചത്. വിവിധ ആശുപത്രികളിൽ നിന്നു ശേഖരിക്കുന്ന സാംപിളുകളിൽ പരിശോധിച്ച് ഏതു രോഗമെന്നും ഏതു വിഭാഗം വൈറസെന്നും സ്ഥിരീകരിക്കുന്നത് പബ്ലിക് ഹെൽത്ത് ലാബിൽ നിന്നാണ്. ഇവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് സംസ്ഥാനതലത്തിൽ സാംക്രമിക രോഗങ്ങളുടെ പ്രതിദിന കണക്കുകൾ പുറപ്പെടുവിക്കുന്നതും. സംസ്ഥാന തലത്തിൽ തിരുവനന്തപുരത്തുളള ലാബിന്റെ ശാഖ എന്ന നിലയിലാണ് ജില്ലാ ആസ്ഥാനങ്ങളിലെ ലാബുകൾ പ്രവർത്തിക്കുന്നത്.
∙ ജൂലൈയിൽ മലേറിയ ബാധ സ്ഥിരീകരിച്ചത് 6 പേർക്കാണ്. അതിൽ 2 പേർക്കാണ് തദ്ദേശീയ മലേറിയ സ്ഥിരീകരിച്ചത്. ജൂലൈയിൽ സംസ്ഥാനത്താകെ തദ്ദേശീയ മലേറിയ ബാധ സ്ഥിരീകരിച്ച 3 പേരിൽ 2 പേരും കൊല്ലം ജില്ലക്കാരാണെന്നതും ആശങ്ക പടർത്തുന്നു.കഴിഞ്ഞ മാസം 689 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
1286 പേർ നിരീക്ഷണത്തിലായിരുന്നു. ഈ മാസം 12ന് ആണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് – 94 പേർക്ക്. കുറവ് മൂന്നാം തീയതിയും – 2 പേർക്ക്. സർക്കാർ കണക്ക് അനുസരിച്ച് കഴിഞ്ഞ മാസം പനി ബാധിച്ചത് 15,321 പേർക്കാണ്.