ലഹരി വേട്ടയിൽ ഈ വർഷം 461 കേസുകൾ കൊല്ലം സിറ്റി പൊലീസ് റജിസ്റ്റർ ചെയ്തു

കൊല്ലം∙ ലഹരി വേട്ടയിൽ ഈ വർഷം 461 കേസുകൾ കൊല്ലം സിറ്റി പൊലീസ് റജിസ്റ്റർ ചെയ്തു. ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 334 കേസുകളും ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് 127 എൻഡിപിഎസ് കേസുകളും ഉൾപ്പെടെ ആകെ 461 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ രാസലഹരി മരുന്നുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് വിതരണം നടത്താൻ ശ്രമിച്ച കുറ്റത്തിന് 24 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ആകെ 474 പേരാണ് ഈ വർഷം സിറ്റി പൊലീസ് നടത്തിയ ലഹരി വേട്ടയുടെ ഭാഗമായി പിടിയിലായത്.

1.041 കിലോ എംഡിഎംഎ യും 16.587 കിലോ കഞ്ചാവും 17 കഞ്ചാവ് ചെടികളും പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം പിടികൂടിയ 728.42 ഗ്രാം എംഡിഎംഎ ആണ് കൊല്ലം സിറ്റി പൊലീസ് പിടികൂടുന്ന ഏറ്റവും ഉയർന്ന അളവ്. ജില്ലയിൽ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി ലഹരി വ്യാപാരത്തിൽ ഏർപ്പെട്ട 10 കുറ്റവാളികൾക്ക് എതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു.

ഇതിൽ 8 പേരെ കരുതൽ തടങ്കലിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ഒരാളെ നാടു കടത്തുകയും ഒരാൾക്ക് എതിരെ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച സ്വത്തു വകകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി 4 പ്രതികളുടെ പേരിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ  ഫ്രീസ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ കടത്തൽ തടയുന്നതിന്റെ ഭാഗമായി 5 പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായി.

Leave A Reply