നെല്ല് സംഭരിക്കുന്നതിനുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

എടത്വ ∙ സംസ്ഥാനത്തെ കർഷകർക്ക് പുഞ്ചക്കൊയ്ത്തിന്റെ വില, നെല്ലു സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കൊടുത്തു തീർക്കാൻ കഴിയാത്ത സർക്കാർ രണ്ടാം കൃഷി നെല്ല് സംഭരിക്കുന്നതിനുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. മേയ് 16 മുതൽ ജില്ലയിൽ മാത്രം 108 കോടി രൂപ കൊടുക്കാനുണ്ടെന്നാണ് പിഎംഒ പറയുന്നത്. ഇതുകൂടാതെ കൈകാര്യച്ചെലവായി കോടികളും കൊടുക്കാനുണ്ട്. അടുത്ത സംഭരണം ആരംഭിക്കാനിരിക്കെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള പിഎംഒമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ജില്ലയിൽ നാല് പിഎംഒ വേണ്ട സ്ഥാനത്ത് നിലവിൽ ഒരാൾ മാത്രമാണ് ഉള്ളത്. ജില്ലയെ 4 മേഖലകളായി തിരിച്ച് 4 പേർക്കാണ് സംഭരണത്തിന്റെ ചുമതല നൽകുന്നത്.

ഇവരാണ് നെല്ലിന്റെ ഗുണ നിലവാരം പരിശോധിച്ച് നെല്ല് സംഭരിക്കേണ്ടത്. രണ്ടാം കൃഷിയുടെ (ഒന്നാം വിള) കൊയ്ത്ത് സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. അതിനുശേഷം ഒരാഴ്ചയ്ക്കകം നെല്ല് സംഭരിക്കുകയും വേണം. ഇതിനെല്ലാം പിഎംഒ മാർ ആവശ്യമാണ്. സർക്കാർ പല തവണ നെല്ല് വില നൽകുമെന്ന് പറഞ്ഞിട്ടും പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ കർഷക ദിനാചരണം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂൾ തുറക്കുന്ന സമയത്ത് വില ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് ഇപ്പോൾ ഒന്നരമാസം കൂടി പിന്നിട്ടു ഓണവും ആയി.

സർക്കാർ ഇപ്പോഴും കൈമലർത്തുകയാണ്.വെള്ളപ്പൊക്കത്തിൽ മിക്ക കരക്കൃഷിയും നശിച്ചു.  ഓണവിപണി ലക്ഷ്യമിട്ട് വളർത്തിയ ആയിരക്കണക്കിനു ഏത്തവാഴകളും നശിച്ചു. ഇതുവരെ ആനുകൂല്യം ഒന്നും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. രണ്ടാം കൃഷി ചെയ്ത കർഷകരിൽ പലരുടെയും കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. ഇതുവരെ ആനുകൂല്യത്തെപ്പറ്റി ഒന്നും പറയുന്നില്ല. ഇതിനിടയിൽ പുഞ്ചക്കൃഷിക്കുള്ള പ്രാരംഭ നടപടി ആകുകയും ചെയ്തു. നിലം ഒരുക്കുന്നതിനുള്ള കൂലി കൊടുക്കാൻ പോലും കർഷകരുടെ കയ്യിൽ കാശില്ല. ജില്ലയിലുടനീളം 28728.93 ഹെക്ടറിലാണ് പുഞ്ചക്കൃഷി ചെയ്തിരുന്നത്.

Leave A Reply