വേഴപ്ര മുതൽ കൊടുപ്പുന്ന വരെ കുഴിയിൽ വീണ് ദുരിതയാത്ര

കുട്ടനാട് ∙ കുട്ടനാട്ടിലെ പ്രധാന റോഡുകളിലൊന്നായ ടൈറ്റാനിക്–തായങ്കരി–എടത്വ റോഡിൽ വേഴപ്ര മുതൽ കൊടുപ്പുന്ന വരെയുള്ള ഭാഗം തകർന്നു കിടക്കുന്നതു നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരു കിലോമീറ്ററോളം ഭാഗത്തെ റോഡാണു തീർത്തും ഗതാഗതയോഗ്യമല്ലാതായത്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു നിത്യസംഭവമായി മാറിയിരിക്കുന്നു. ദിവസവും സ്കൂൾ കുട്ടികളടക്കം ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടുള്ളതായി.

എസി റോഡ് നവീകരണം നടന്നപ്പോൾ ഗതാഗതം പലപ്പോഴും ഈ റോഡിലൂടെയാണു തിരിച്ചു വിട്ടിരുന്നത്. ഒട്ടേറെ ഭാര വാഹനങ്ങൾ അടക്കം കടന്നു പോയതു റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. റോഡിൽ വെള്ളം കയറിയതോടെ തകർച്ച പൂർണമായി. കുഴികളിൽ നിന്നു പുറത്തേക്കു തെറിച്ചു വീഴുന്ന മെറ്റൽ റോഡിന്റെ പല ഭാഗങ്ങളിലും ചിതറി കിടക്കുന്നത് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്നു. റോഡ് തകർന്നു കിടക്കുന്നതിനാൽ ഓട്ടോറിക്ഷ പോലും യാത്രയ്ക്കു വിളിച്ചാൽ വരാൻ ബുദ്ധിമുട്ടു പറയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്.

Leave A Reply