ശബരിമല നിറപുത്തരിക്കുള്ള നെൽക്കതിർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഏറ്റുവാങ്ങി

ആറന്മുള∙ ശരണമന്ത്രങ്ങൾ ജപിച്ചെത്തിയ ഭക്തരുടെ നിറസാന്നിധ്യത്തിൽ ശബരിമല നിറപുത്തരിക്കുള്ള നെൽക്കതിർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഏറ്റുവാങ്ങി. ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്ര സന്നിധിയിലായിരുന്നു നിറപുത്തരിക്കുള്ള നെൽക്കതിർ സമർപ്പണത്തിന്റെ ആദ്യഘട്ടം. ഔഷധഗുണമുള്ള രക്തശാലി നെല്ലിന്റെ കതിരുൾപ്പെടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഏറ്റുവാങ്ങിയത്. കർഷകനായ ഉത്തമനാണ് നെല്ല് വിളയിച്ചെടുത്തത്. ക്ഷേത്രഭൂമിയിലുൾപ്പെടെ 7 ഇടങ്ങളിലാണ് നെൽക്കൃഷി നടത്തിയത്. നിറപുത്തരിക്കായി ആറന്മുള വികസനസമിതിയും പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും വിളയിച്ചെടുത്ത നെൽക്കതിർ അടുത്ത ദിവസം കൊയ്തെടുക്കും.

എൻഎസ്എസ് ഇടയാറന്മുള 1991ാം നമ്പർ കരയോഗം പ്രസിഡന്റ് കെ.എസ്.രാജശേഖരൻ നായർ, അയ്യപ്പസേവാ സംഘം ജനറൽ സെക്രട്ടറി ഡി. വിജയകുമാർ, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പി.കെ. സുകുമാരപ്പണിക്കർ, താലൂക്ക് യൂണിയൻ സെക്രട്ടറി ബി. മോഹൻദാസ്, അയ്യപ്പസേവാ സംഘം സെക്രട്ടറി ഹരിദാസൻ നായർ, ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, ബി.രാധാകൃഷ്ണ മേനോൻ, ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.കുമാർ, സി.ആർ.സന്തോഷ്, എസ്എൻഡിപി യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply