തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ ആദ്യദിനം സഭ പിരിയും. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമായും നിയമനിർമാണങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിലക്കയറ്റമുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ പ്രതിപക്ഷം അവതരിപ്പിക്കും. സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ ക്ഷാമം, നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് കിട്ടാനുള്ളതുൾപ്പെടെ വിഷയങ്ങളിൽ അടിയന്തരപ്രമേയം ഉണ്ടാകും.
ഷംസീറിനെതിരെ സംഘ്പരിവാർ ഉയർത്തിക്കൊണ്ടുന്ന വിവാദം സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണമായി മാറുന്ന സാഹചര്യത്തിൽ സഭയിൽ വിഷയം മുഖ്യചർച്ചയാക്കുന്നതിൽനിന്ന് പ്രതിപക്ഷം പിന്മാറാനാണ് തീരുമാനം. വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ആവർത്തിക്കുമ്പോൾതന്നെ, അനാവശ്യ ചർച്ച അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.