കക്കോടി എഫ്.എച്ച്.സിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കോഴിക്കോട് എലത്തൂർ നിയോജക മണ്ഡലത്തിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടുമൊരു പൊൻതൂവൽ. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിൽ 94 ശതമാനം സ്കോറും നേടിയാണ് ഈ ആതുരാലയം ദേശീയ അംഗീകാരം നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്കോറാണിത്.

നാല് വിഭാഗങ്ങൾ, 50 സ്റ്റാൻഡേർഡുകൾ എന്നിവയിലായി 1,700 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധനയും വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക.

2018 ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിക്കുകയും പ്രവർത്തന യോഗ്യമല്ലാതായിത്തീരുകയും ചെയ്ത കക്കോടി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ജില്ലയിലെ മികച്ച ആതുരാലയമാണ്. ചെന്നൈ അപ്പോളോ ആശുപത്രിയുടെ ധനസഹായമായ 3.7 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക രീതിയിലാണ് ആശുപത്രി പുനർനിർമ്മിച്ചത്.

രോഗി സൗഹൃദ ഒ.പി മുറികൾ, കുട്ടികൾക്കായുള്ള ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്, മുലയൂട്ടൽ മുറി, കോൺഫറൻസ് ഹാൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പുകേന്ദ്രം, യോഗ ഹാൾ, കുട്ടികളുടെ കളിസ്ഥലം, നിരീക്ഷണ മുറി, ശീതീകരിച്ച ഫാർമസി സ്റ്റോർ, ലാബ്, മുറിവ് കെട്ടുന്നതിനുള്ള ഡ്രസിങ് റൂം, ആരോഗ്യ ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മതിൽ, മുൻവശത്തെ പ്രാധാന ഗേറ്റ്, മുൻവശം ഇന്റർലോക്ക് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ 14 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസനവും സോളാർ സ്ഥാപിക്കലും പൂർത്തിയാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടുപയോഗിച്ച് ജനൽ കർട്ടൻ, ബോധവൽക്കരണ ബോർഡുകൾ, ചൈൽഡ് ഫ്രണ്ട്ലി പെയിന്റിംഗ്, ഡിജിറ്റൽ ഡിപ്ലേ ബോർഡ് എന്നിവ സ്ഥാപിച്ചു. പൊതുജനസഹായത്തോടെ കൂടുതൽ ഫർണീച്ചറും സ്ഥാപിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ യും സംഘവുമാണ് ആശുപത്രി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Leave A Reply