മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ നീറ്റിലിറക്കി. മലപ്പുറം ജില്ലയിലെ താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ബോട്ടുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി 1.57 കോടി രൂപ ചെലവ് വരുന്ന ബോട്ടുകളാണ് നൽകിയിട്ടുള്ളത്. ഹൈഡ്രോളിക് സംവിധാനത്തിലാണ് ബോട്ട് പ്രവർത്തിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്താനുള്ള ലൈസൻസ് അടക്കം സർക്കാർ അനുവദിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ് യാർഡിനു കീഴിൽ ഉഡുപ്പിക്കു സമീപമുള്ള മാൽപ്പേ യാർഡിൽ നിന്നും ആധുനിക രീതിയിലുള്ള ചൂണ്ടയും ഗിൽനെറ്റ് വലകളും വള്ളത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
ലോങ്‌ലൈനർ വിഞ്ച്, ഗിൽനെറ്റ് ഹോളർ, അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി.പി.എസ് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ, ദുരന്ത മുന്നറിയിപ്പ് ഉപകരണം, മാഗ്‌നെറ്റിക് കോമ്പസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വള്ളങ്ങളുടെ ഗതി ഓട്ടോമാറ്റിക്കായി ചൂണ്ടിക്കാണിക്കുന്ന സൗകര്യവുമുണ്ട്. 22.70 മീറ്റർ നീളവും 6.40 മീറ്റർ വീതിയുമുണ്ട് ബോട്ടുകൾക്ക്. 10,000 ലിറ്റർ ശുദ്ധജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക്, 70 ക്യൂബിക് മീറ്റർ ശേഷിയുള്ള മത്സ്യസംഭരണി, എട്ടുപേർക്ക് വിശ്രമിക്കാനുള്ള സൗകര്യം, അടുക്കള എന്നിവയും ഇതിലുണ്ട്.
മത്സ്യഫെഡ് ഡയറക്ടർ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി, മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗരസഭാ കൗൺസിലർ പി.ടി അക്ബർ, സമദ് താനാളൂർ, കെ.ടി ശശി, കെ.പി സൈനുദ്ദീൻ, സഹകരണ സംഘം പ്രസിഡന്റുമാരായ എം.പി മുഹമ്മദ് സറാർ, സെയ്തുമോൻ എന്നിവർ പങ്കെടുത്തു.