കുടുംബ ബജറ്റുകൾ താളംതെറ്റിച്ചു പച്ചക്കറിക്കു പിന്നാലെ അരി, പലവ്യജ്ഞനം, പഴം എന്നിവയുടെ വിലയും കുതിച്ചുയരുന്നു
പത്തനംതിട്ട∙ കുടുംബ ബജറ്റുകൾ താളംതെറ്റിച്ചു പച്ചക്കറിക്കു പിന്നാലെ അരി, പലവ്യജ്ഞനം, പഴം എന്നിവയുടെ വിലയും കുതിച്ചുയരുന്നു. ഓണം വരുന്നതിനു മുൻപു തന്നെ വില കൂടുന്ന കാഴ്ചയാണ്. ജയ അരിക്ക് 2 മാസം മുൻപ് കിലോഗ്രാമിന് 35 രൂപയായിരുന്നു വില. ഇപ്പോൾ ചില്ലറ വില 42 രൂപയായി. ചില്ലറ വ്യാപാരശാലയിൽ ആന്ധ്ര അരിക്ക് കിലോഗ്രാമിന് 48 മുതൽ 50 രൂപ വരെയായി വില. വെള്ള അരിക്ക് കിലോഗ്രാമിന് 39 രൂപയായിരുന്നത് 48 രൂപയായി വർധിച്ചു. പൊന്നി അരിക്ക് കിലോഗ്രാമിന് 42 രൂപയിൽനിന്ന് 50 രൂപയായി. ചില്ലറ വിൽപനശാലയിൽ കിലോയ്ക്ക് 52 രൂപ വരെ കൂട്ടിയിട്ടുണ്ട്.
മട്ട അരി കിലോയ്ക്ക് 56 രൂപ വരെയായി ഉയർന്നു. പച്ചരിക്ക് 20 ദിവസത്തിനുള്ളിൽ 5 രൂപ കൂടി. പലവ്യഞ്ജനങ്ങളിൽ ജീരകം വാങ്ങിയാൽ കീശ കീറും. രണ്ട് മാസം മുൻപ് കിലോയ്ക്ക് 270 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 700 രൂപയായി വില കുതിച്ചുയർന്നു. ജീരകം 100 ഗ്രാം പായ്ക്കറ്റിനു 35 രൂപയായിരുന്ന സ്ഥാനത്ത് ഇന്നലെ 75 രൂപയാണ് വില. ധാന്യങ്ങളുടെ വിലയും ഉയർന്നു. ചെറുപയർ വില കിലോഗ്രാമിന് 130 രൂപയായി. നേരത്തെ 110 രൂപയായിരുന്നു. പരിപ്പിനു കിലോയ്ക്ക് 120 രൂപയിൽനിന്നു 170 രൂപയായി.
വൻപയർ കിലോഗ്രാമിന് 110 രൂപയായി. 2 മാസം മുൻപ് 70 രൂപയായിരുന്നു. കടല വില 130 രൂപയായി. പഞ്ചസാര കിലോ 43 രൂപയായി. ഉഴുന്ന് വില 140 രൂപയായി വർധിച്ചു.സപ്ലൈകോ വിൽപനശാലകളിൽ 13 ഇനം സബ്സിഡി സാധനങ്ങളിൽ ഒന്നോ രണ്ടോ ഇനം മാത്രമാണുള്ളത്. പഴം, പച്ചക്കറി എന്നിവയ്ക്കും വില കൂടുന്നുണ്ട്. പൊതുവിപണിയിൽ ബീൻസ് കിലോഗ്രാമിന് 120 രൂപ, തക്കാളി–180, കാരറ്റ്–80,മുരിങ്ങക്കായ–50, കത്തിരിക്ക–40, ഇഞ്ചി–240, പടവലം– 42 , ചെറുനാരങ്ങ–54 രൂപയുമാണ് ഇന്നലത്തെ വില.
കൊച്ചുള്ളി വില അൽപം കുറഞ്ഞിട്ടുണ്ട്. പഴങ്ങൾക്കും വില കൂടി. ഞാലിപ്പൂവൻ പഴത്തിന് രണ്ടാഴ്ചക്കുള്ളിൽ 20 രൂപ കൂടി. 80 രൂപയിൽനിന്ന് 100 രൂപയായി. റാന്നിയിൽ കിലോയ്ക്ക് 90 രൂപയും കോഴഞ്ചേരി മാർക്കറ്റിൽ 100 രൂപയുമാണ്. ഏത്തപ്പഴം കിലോ– 75 രൂപ. പൂവൻ പഴം– 62. പാളയന്തോടൻ– 40 എന്നിങ്ങനെയാണ് വില. ട്രോളിങ് നിരോധനം പിൻവലിച്ചതോടെ മീൻ വില കുറഞ്ഞതാണു ജനത്തിന് ആകെയുള്ള ആശ്വാസം. കിളിമീൻ ധാരാളം മാർക്കറ്റിലെത്തുന്നതിനാൽ കിലോഗ്രാമിന് 100 രൂപയ്ക്കു വരെ കിട്ടുന്നുണ്ട്.