‘മികവ്-2023’: വിദ്യാഭ്യാസ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ‘മികവ്- 2023’ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു.
താനൂർ വ്യാപാര ഭവനിൽ നടത്തിയ പരിപാടിയിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ എം.എസ് ഇർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ ഫിഷറീസ് അസിസ്റ്റൻറ് രജിസ്ട്രാർ എം. സുനിൽ കുമാർ, എം. അനിൽകുമാർ (സി.ഐ.ടി.യു), എം.പി അഷ്‌റഫ് (ഐ.എൻ.ടി.യു.സി), ഹുസൈൻ ഈസ്പാടത്ത് (എ.ഐ.ടി.യു.സി) പങ്കെടുത്തു. മത്സ്യഫെഡ് ഭരണ സമിതി അംഗം പി.പി. സൈതലവി സ്വാഗതവും മത്സ്യഫെഡ് ജില്ലാ മാനേജർ ഇ. മനോജ് നന്ദിയും പറഞ്ഞു.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് മത്സ്യഫെഡിന്റെ ലക്ഷ്യം. മത്സ്യമേഖലയിലെ സഹകരണ സംഘങ്ങൾ വഴി വിവിധ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങളും വായ്പകളും നൽകി അവരുടെ സാമ്പത്തിക വളർച്ച ഉയർത്തുകയും മത്സ്യമേഖലയിലെ സാമൂഹിക പുരോഗതിയ്ക്കായി വിവിധ ക്ഷേമപദ്ധതികളും മത്സ്യഫെഡ് നടപ്പിലാക്കി വരുന്നുണ്ട്. അതിന്റെ ഭാഗമായിയാണ് ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി പ്രോത്സാഹിപ്പിച്ചുവരുന്നത്.
Leave A Reply