ദുബായ് : ആറുമാസത്തെ ബഹിരാകാശദൗത്യം പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തുന്ന സുൽത്താൻ അൽ നെയാദിയ്ക്ക് വൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ഈ മാസം അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് നെയാദി മടങ്ങുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരിക്കും മടക്കം.
യു.എ.ഇ. ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച, റോഡ് ഷോ തുടങ്ങി വൻ സ്വീകരണമാണ് സുൽത്താൻ അൽ നെയാദിയെ കാത്തിരിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലിം അൽ മിർറി പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തുന്ന നെയാദിയുടെ ആരോഗ്യപരിശോധനയാണ് ആദ്യമുണ്ടാവുക. സ്വീകരണങ്ങൾക്കുശേഷം പിന്നീട് അദ്ദേഹത്തിന്റെ യു.എസ്. സന്ദർശനമാണ്. 49-കാരനായ സുൽത്താൻ അൽ നെയാദി കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ആറുമാസത്തിനുള്ളിൽ 200 – ലേറെ ശാസ്ത്രീയ ഗവേഷണങ്ങൾ നെയാദി പൂർത്തിയാക്കി.