പ്രസവാനന്തര വിഷാദം അകറ്റുന്ന ആദ്യ ഗുളികക്ക് എഫ്‍ഡിഎയുടെ അംഗീകാരം

വാഷിംഗ്ടണ്‍: സ്ത്രീകളിലെ പ്രസവാനന്തര വിഷാദം അകറ്റുന്ന ആദ്യ ഗുളികക്ക് അംഗീകാരം നല്‍കി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.സുറനോലോണ്‍(zuranolone ) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്.

14 ദിവസത്തേക്ക് 50 ഗ്രാം വീതമാണ് ഈ ഗുളിക കഴിക്കേണ്ടത്. ഇതോടൊപ്പം കൊഴുപ്പുള്ള ഭക്ഷണവും കഴിക്കണം. ഗുളിക കഴിച്ച് മൂന്നു ദിവസത്തിനുള്ളില്‍ വിഷാദം ലഘൂകരിക്കപ്പെടുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിയിച്ചിട്ടുണ്ട്. “പ്രസവത്തിനു ശേഷമുള്ള വിഷാദം ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ ഒരു അവസ്ഥയാണ്. സ്ത്രീകൾക്ക് സങ്കടം, കുറ്റബോധം, സ്വയം മതിപ്പില്ലായ്മ എന്നിവ അനുഭവപ്പെടുന്നു. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ പോലും അവര്‍ മടിക്കില്ല” എഫ്‍ഡിഎയുടെ സെന്‍റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ സൈക്യാട്രി വിഭാഗത്തിന്‍റെ ഡയറക്ടർ ടിഫാനി ആര്‍. ഫാർച്ചിയോൺ പറഞ്ഞു. ഈ ഗുളിക വിഷാദം അനുഭവിക്കുന്ന സ്ത്രീകളില്‍ ജീവന് ഭീഷണിയുമുള്ളതുമായ വികാരങ്ങളെ നേരിടാൻ പ്രയോജനപ്രദമായ ഓപ്ഷനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply