ഹൈന്ദവ ജനതയുടെ അട്ടിപ്പേറവകാശം ആർക്കാണ് ? ഹിന്ദു മതത്തിൽ എൻ എസ് എസ് മാത്രമേയുള്ളോ ?

സമനില തെറ്റിയാൽ ആളുകൾ എന്തും ചെയ്യാറുണ്ട്‌. എന്താണ്‌ ചെയ്യുന്നതെന്ന്‌ അവർക്കുതന്നെ നിശ്‌ചയം കാണില്ല . രണ്ടാംതവണയും ജനങ്ങൾ അധികാരത്തിൽനിന്ന്‌ പിടിച്ചുപുറത്തുനിർത്തിയതോടെ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനിപ്പോൾ  സമനിലതെറ്റി .

എൽഡിഎഫ്‌ സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഇല്ലാത്ത പ്രശ്‌നങ്ങൾ ഉന്നയിച്ച്‌ നിരന്തരം നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു പാളീസായി . വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ജനപിന്തുണ വർധിക്കുകയാണെന്ന്‌ കോൺഗ്രസ്‌ ഞെട്ടലോടെയാണ് തിരിച്ചറിയുന്നത് .

ഇതിൽ വിറളിപൂണ്ട കോൺഗ്രസിപ്പോൾ ബിജെപിക്കൊപ്പം ചേർന്ന്‌ തീക്കളിയാണ്‌ നടത്തുന്നത്‌. സ്‌പീക്കർ ഷംസീറിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച്‌ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ബിജെപിയെ പിന്തുണക്കുന്നതിലൂടെ മണിപ്പുർ, ഹരിയാന, ഗുജറാത്ത്‌ പോലെ കേരളത്തെയും സംഘർഷ ഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക്‌ കരുത്തുപകരുകയാണ്‌ കോൺഗ്രസ്‌ ചെയ്യുന്നത് .

പ്രസ്‌താവനകളിൽ മാത്രമല്ല നാമജപ ഘോഷയാത്രകളുമായി തെരുവിലിറങ്ങുന്നതിലും ഇരുപാർടികളുടെയും നേതാക്കൾ ഒറ്റദിവസംകൊണ്ട്‌ ഐക്യപ്പെട്ടു. ഇതൊക്കെ ഇവിടുത്തെ മത ന്യുനപക്ഷങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് .

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ , നാളുകളായി സംഘപരിവാർ ശ്രമിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിനും സിപിഎമ്മിനുമെതിരെ  തെറ്റിദ്ധാരണയും വെറുപ്പും ഉണ്ടാക്കാൻ  വ്യാജപ്രചാരണം നടത്തുന്നു. ഇതിന്റെ തുടർച്ചയാണ്‌ ഷംസീറിന്റെ പ്രസംഗം വിവാദമാക്കി വിശ്വാസികളെ തെരുവിലിറക്കുന്നത്‌.

കുട്ടികൾ പഠിക്കേണ്ടത്‌ യഥാർഥ ശാസ്‌ത്രമാണെന്നും ഐതിഹ്യങ്ങളെ ഐതിഹ്യങ്ങളായിത്തന്നെ കാണണമെന്നുമാണ്‌ വിദ്യാർഥികളെ അനുമോദിക്കുന്നതിനിടെ ഷംസീർ പറഞ്ഞത്‌. ആരുടെയും മതവിശ്വാസത്തെയോ, ദൈവ വിശ്വാസത്തെയോ ഷംസീർ ചോദ്യം ചെയ്യുകയോ, വ്രണപ്പെടുത്തുകയോ ചെയ്‌തിട്ടില്ല.

ഭരണഘടനയിൽ ഉറപ്പുനൽകുന്ന ശാസ്‌ത്ര പ്രചാരണത്തിന്റെ പ്രാധാന്യമാണ്‌ എടുത്തുപറഞ്ഞത്‌. നെഹ്‌റുവും ശശി തരൂരും ആർഎസ്‌എസ്‌ നേതാവ്‌ ആർ ഹരിയുമൊക്കെ ഇക്കാര്യം മുമ്പേ പറഞ്ഞിട്ടുണ്ട്‌.
ഗണപതിയുടെത്‌ ആദ്യത്തെ പ്ലാസ്റ്റിക്‌ സർജറിയാണെന്ന്‌ 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ആദ്യം പറഞ്ഞത്‌.

ഇതിനെ അന്ന് തന്നെ ശശി തരൂർ രൂക്ഷമായി വിമർശിച്ചിരുന്നു. ‘ആനയുടെ തലയും മനുഷ്യന്റെ കഴുത്തും നിങ്ങൾക്ക്‌ ചിന്തിക്കാൻ പറ്റുമോ ? അത്‌ രണ്ടും പ്ലാസ്‌റ്റിക്‌  സർജറി ചെയ്യാൻ പറ്റുമെന്ന്‌ തോന്നുണ്ടോ, അത്‌ നടക്കുന്ന കാര്യമാണോ’ എന്നാണ്‌ എൻഡിടിവിക്ക്‌ നൽകിയ അഭിമുഖത്തിൽ തരൂർ ചോദിച്ചത്‌.

പ്രധാനമന്ത്രിയുടെയും തരൂരിന്റെയും നിലപാടുകളോട്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ യോജിക്കുന്നുണ്ടോന്ന്‌ അവർ തന്നെ വ്യക്തമാക്കണം. മുമ്പ്‌ പലരും പറഞ്ഞ ശാസ്‌ത്ര സത്യം ഷംസീർ പറയാൻ പാടില്ലെന്ന വ്യാഖ്യാനം വർഗീയ വേർതിരിവും രാഷ്ട്രീയനേട്ടവും ലക്ഷ്യമാക്കിയുള്ള സമീപനമാണ്‌.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌  സുരേന്ദ്രൻ പച്ചയായി പറഞ്ഞ വർഗീയതയെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും അതേ അർഥത്തിൽ ഏറ്റുപിടിച്ചതിലൂടെ അവരുടെ തീവ്രഹിന്ദുത്വനിലപാടാണ്‌ പുറത്തുവന്നത്‌.

ഹൈന്ദവ ജനതയുടെ മൊത്തം അട്ടിപ്പേറവകാശം ഏറ്റെടുക്കാൻ ഒരു സമുദായത്തെയും സംഘടനകളെയും ആരും ചുമതലപ്പെടുത്തിയിട്ടില്ല. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്‌എസ്‌ ജാതി, മതങ്ങൾക്കപ്പുറം മനുഷ്യത്വപരമായ മൂല്യങ്ങളും മതനിരപേക്ഷതയും സാഹോദര്യവുമാണ്‌ ഉയർത്തിപ്പിടിച്ചിരുന്നത്‌.

ആ പാരമ്പര്യത്തെ നിഷേധിച്ച്‌ അതില്നിന്നൊക്കെ മാറി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ ആശയങ്ങളെ പിന്തുടരുന്ന നിലപാടാണിപ്പോൾ സ്വീകരിക്കുന്നത് .  ഇതിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്‌ നിലപാട്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. സിപി എമ്മും എൽഡിഎഫ്‌ സർക്കാരും ഏതെങ്കിലും മതത്തിനോ വിശ്വാസികൾക്കോ എതിരല്ല.

എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌.

Leave A Reply