‘ചന്ദ്രയാൻ മിഷൻ’; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ

ഡൽഹി: ചന്ദ്രയാൻ മൂന്ന് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചു. സങ്കീ‌ർണമായ ലൂണാ‌ർ ഓ‌ർബിറ്റ് ഇൻസേ‌‌ർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആ‌ര്‍ഒ അറിയിച്ചു. ചന്ദ്രയാൻ മൂന്ന് ലാൻഡ‌‌ർ ചന്ദ്രനിൽ ഇറങ്ങുന്ന ദിവസത്തിനായാണ് ഇനി കാത്തിരിപ്പ്. അണുവിട തെറ്റിയില്ല, മൂന്നാം തവണയും ചാന്ദ്ര ഭ്രമണപഥ പ്രവേശനം വിജയകരമായി പൂ‌ർത്തിയാക്കി, ഐഎസ്ആ‌ർഒ ചരിത്രം കുറിച്ചു. ചന്ദ്രയാൻ മൂന്ന് എന്ന അഭിമാന ദൗത്യം ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നു. ഏഴേകാലോടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവേശിപ്പിച്ച് ചന്ദ്രൻ ഭ്രമണപഥത്തിലേക്ക് കയറുന്ന പ്രകിയയ്ക്ക് തുടക്കമായത്. 1835 സെക്കൻ‍ഡുകൾ കൊണ്ട് ചാന്ദ്രഭ്രമണപഥ പ്രവേശം പൂ‌ർത്തിയായി.

ചന്ദ്രനിലേക്കുള്ള അകലം കുറച്ചു കുറച്ചു കൊണ്ടുവരലാണ് ദൗത്യത്തിലെ അടുത്ത ഘട്ടം. അഞ്ച് ഘട്ടമായിട്ടായിരിക്കും ഈ ഭ്രമണപഥ താഴ്ത്തൽ നടക്കുക. ആ​ദ്യ ഭ്രമണപഥ താഴ്ത്തൽ ആ​ഗസ്റ്റ് ആറിന് അ‌ർദ്ധരാത്രി നടക്കും. ഇത്തരം അഞ്ച് ഭ്രമണപഥ താഴ്ത്തലുകൾക്കൊടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റ‌ർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ വച്ചാണ് പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടുക. ആ​ഗസ്റ്റ് 17നായിരിക്കും ഇത്. വേ‌ർപ്പെടലിന് ശേഷം ലാൻഡ‌‌ർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റ‌ർ അടുത്ത ​ദൂരവും നൂറ് കിലോമീറ്റ‌ർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടെ നിന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുക. ആ​ഗസ്റ്റ് 23ന് വൈകിട്ട് ലാൻഡ‌ർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തും.

Leave A Reply