തിരുവനന്തപുരം: ഓണത്തിന് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 100 കോടി രൂപ ഉടൻ ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ധനവകുപ്പിന് കത്ത് നൽകി. പ്രതിമാസ സഹായമായ 50 കോടിയും മുൻമാസങ്ങളിലെ കുടിശിക 50 കോടിയുമാണ് ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സ്ഥാപനത്തിൽ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ സഹായത്തെ ആശ്രയിച്ചാണ്.
കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് ഇന്നാണ്. സർക്കാർ സഹായത്തിന്റെ ഒരു വിഹിതമെങ്കിലും ഇന്ന് കിട്ടിയില്ലെങ്കിൽ ശമ്പളം മുടങ്ങും. കഴിഞ്ഞ തവണ ആദ്യ ഗഡു പത്തിനും രണ്ടാമത്തേത് 29നുമാണ് നൽകിയത്. ബോണസ് നൽകേണ്ടതും ഈ മാസമാണ്. ശമ്പളം വൈകിയാൽ പണിമുടക്കാനാണ് ചില യൂണിയനുകളുടെ തീരുമാനം.