സുകുമാരൻ നായരെ കെ പി സി സി പ്രസിഡന്റാക്കണമെന്ന് കോൺഗ്രസ്സ് പ്രവർത്തകന്റെ തുറന്ന കത്ത്

ദിവ്യ വന്ദ്യശ്രീ പെരുന്ന സുകുമാരൻ നായർ അവറുകൾ സമക്ഷം മധ്യകേരളത്തിലെ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ തുറന്ന കത്ത്.

വന്ദ്യ ശ്രീ സുകുമാരൻ നായർ അവറുകളെ,

കേരളത്തിൽ ഇന്ന് കോൺഗ്രസ് പ്രവർത്തകർ അനുഭവിക്കുന്ന പീഡകൾ ഇതിനകം അങ്ങേയ്ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. കഴിഞ്ഞ കുറെ വർഷമായി ഇടതുപക്ഷക്കാരുടെ ഭരണത്തിൽപ്പെട്ട് ഉഴലുന്ന കേരളത്തിലെ കോൺഗ്രസുകാർ ആകെ നിരാശയിലാണ് എന്ന് അറിയാത്തവരായി കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് ഉള്ളവർ മാത്രമേ ഉള്ളൂ. അവരാണ് എങ്കിൽ പത്മവ്യൂഹത്തിൽ അകപ്പെട്ട അർജുന പുത്രന്റെ അവസ്ഥയിലും ആണ്. പത്മവ്യൂഹം സൃഷ്ടിച്ച് അകത്തുകയറാൻ നല്ല മിടുക്കാണ്. പുറത്തേക്കുള്ള വഴി അറിയാവുന്ന ഒറ്റ കോൺഗ്രസുകാരൻ ഇന്ന് ഈ കേരളത്തിലില്ല. അങ്ങ് ഡൽഹിയിലും ഇല്ല അത് മറ്റൊരു കാര്യം.

ഏതായാലും വയ്യാത്ത പട്ടി കയ്യാല കയറി എന്ന് പറയുന്നതുപോലെ ഏന്തിയും വലിഞ്ഞും നിരങ്ങിയും അവർ ഇങ്ങനെ തള്ളിനീക്കുന്നു. ആരുടെ ശാപമാണ് എന്നറിയില്ല കോൺഗ്രസ് ഈ രീതിയിൽ ആയതിനു കാരണം. പിടി ചാക്കോയെയാണ് ആദ്യം സംശയം. ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കാതെ നല്ല പ്രായത്തിൽ കോൺഗ്രസുകാർ നുള്ളി കളഞ്ഞതല്ലേ ആ ജീവിതം. ആഗ്രഹപൂർത്തീകരണം നടക്കാതെ മരണപ്പെടുന്നവരുടെ ആത്മാക്കൾ ഇഹലോകത്ത് തന്നെ ചുറ്റിതിരിയും എന്നാണല്ലോ പ്രമാണം. ഏതായാലും അന്ന് തുടങ്ങിയതാ കോൺഗ്രസിന്റെ അധോഗതിയും ദുഃഖവെള്ളിയാഴ്ചയും. അതിനുശേഷം കോൺഗ്രസ് ഒന്ന് നല്ലവണ്ണം പച്ചപിടിച്ച് കണ്ടിട്ടില്ല.

തീര്‍ത്തും അങ്ങനെ പറയാൻ പറ്റത്തില്ല. ലീഡർ കരുണാകരന്റെ കാലത്ത് സകലരെയും തമ്മിലടിപ്പിച്ച്, മുട്ട തലകള്‍ എല്ലാം കൂട്ടി കെട്ടി അങ്ങേര് ഒന്ന് പടുത്തുയർത്തി കൊണ്ട് വന്നതായിരുന്നു. എന്താ ചെയ്യുക, ചാക്കോച്ചന്റെ ശാപം കൊണ്ടായിരിക്കാം അവന്മാർ എല്ലാം കൂടെ തന്നെ കോൺഗ്രസിനെ ഒരു വഴിക്കാക്കി. ഇന്ന് കേരളത്തിൽ എടുക്കാ ചരക്കാക്കി മാറ്റി. റബ്ബറിന് പോലും ഇന്ന് കോൺഗ്രസിനെക്കാൾ വിലയുണ്ട് എന്നാണ് ചില സരസന്‍മാര്‍ പറയുന്നത്. അത് കേൾക്കുമ്പോൾ സത്യത്തിൽ ഇടനെഞ്ച് പൊട്ടുന്നുണ്ട്.

എന്താ ചെയ്യുക. സ്വാതന്ത്ര്യസമര കാലത്ത് ഞങ്ങളുടെ മുതു മുത്തച്ഛന്‍മാര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഉണ്ടാക്കിയെടുത്ത ആ വികാരം ഇന്നും ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നു. നേതാക്കന്മാർക്ക് അത് ഒരു വിഷയം അല്ലായിരിക്കാം. അല്ല അവർക്ക് വിഷയം ആക്കേണ്ട കാര്യമില്ലല്ലോ. മിക്കവരും കിട്ടിയ സമയം കൊണ്ട് 10 തലമുറയ്ക്ക് ജീവിക്കാൻ വേണ്ട സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞല്ലോ. സമ്പത്ത് കാലത്ത് തൈ പത്ത് വച്ച വരെ കുറ്റം പറയുകയല്ല. മറിച്ച് അവരും മക്കളും കായ പറിച്ചു തിന്നുമ്പോൾ കണ്ടുകൊണ്ട് നിൽക്കുന്ന പാമരനായ കോൺഗ്രസുകാരന്റെ വിഷമം പങ്കുവെച്ചു എന്ന് മാത്രം.

റബ്ബർ വെട്ടിയും കുരു പെറുക്കിയും ജീവിതം മുമ്പോട്ട് നീക്കിയ ഒരു സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു. ദൈവാനുഗ്രഹത്താലും നമ്മുടെ ചിദംബരം ചെട്ടിയാരുടെ കൃപയാലും അതിന്റെ കഥ കഴിഞ്ഞു. ഇവിടെ പിടിച്ചുനിൽക്കാൻ കോൺഗ്രസുകാർക്ക് ഒരു ഗ്രാസും ഇല്ല എന്ന അവസ്ഥയിലായി. മാത്രമോ കോൺഗ്രസുകാരൻ എന്ന പദത്തിനെ കള്ളന്റെ പര്യായത്തിൽ എഴുതി ചേർക്കണമെന്ന് ചിലർ പറയാനും തുടങ്ങി. പറയുന്നവരുടെ കുറ്റമല്ല കോൺഗ്രസിലെ നേതാക്കന്മാരുടെ കൈയിലിരിപ്പ് കാരണം ചാർത്തി കിട്ടിയ പേരാണ്. എന്താ ചെയ്യുക.

ഏത് കോൺഗ്രസ് നേതാവും ഒരാളെ കണ്ടാൽ അവന്റെ പോക്കറ്റിൽ കിടക്കുന്ന ഗാന്ധിയെ എങ്ങനെ തന്റെ പോക്കറ്റിൽ ആക്കാം എന്ന ചിന്ത മാത്രമല്ലേ ഉള്ളൂ. മുതുകാടിനെ പോലെ മാജിക് ഒന്നും അറിയില്ല. അപ്പോൾ പിന്നെ ഇതേ വഴിയുള്ളൂ.

പറഞ്ഞുപറഞ്ഞ് കാടുകയറി. വിഷമം കൊണ്ടാണ്. ഏതായാലും കാര്യത്തിലേക്ക് തിരിച്ചുവരാം. കെപിസിസി ഇന്ന്‍ ഒരു നാഥൻ ഇല്ലാ കളരി വട്ട കളരി എന്ന അവസ്ഥയിലാണ് എന്ന് അങ്ങേയ്ക്ക് അറിവുള്ള കാര്യമാണല്ലോ. പ്രസിഡന്റ് കുമ്പിടി സുധാകരൻ ഒന്ന് തീരുമാനിക്കുന്നു. മറ്റുള്ളവർ അവരവരുടെ മനോധർമ്മം അനുസരിച്ച് പ്രവർത്തിക്കുകയും .പറയുകയും ചെയ്യുന്നു. ഇങ്ങനെ പോയാൽ വഞ്ചി പിന്നെയും തിരുനക്കര തന്നെ തങ്ങും . ഒരു സംശയവുമില്ല. അതുകൊണ്ട് കേരളത്തിലെ ഏക കോൺഗ്രസുകാരൻ എന്ന നിലയിൽ അങ്ങ് തന്നെ ഈ കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒന്ന് ഏറ്റെടുത്ത് ഇവന്മാരെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം.

വേറെ ഗതി ഇല്ലാഞ്ഞിട്ട് പറയുകയാണ്. ഇവന്മാർ ഒന്നും വിളിച്ചാൽ ഒറ്റ എണ്ണം പരിപാടിക്ക് എത്തില്ല. അങ്ങയുടെ കാര്യം അങ്ങനെയല്ലല്ലോ. കൈകൊട്ടി വിളിച്ചാൽ യുദ്ധത്തിന് ആയാലും സമാധാനത്തിനായാലും അങ്ങ് എത്തും. ശബരിമല വിഷയത്തിൽ നമ്മൾ അത് കണ്ടതല്ലേ. അങ്ങ് തുടക്കമിട്ടു. ബിജെപിക്കാർ ആഘോഷിച്ചു. തല്ലുകൊണ്ടതും ജയിലിൽ പോയതും സുരേന്ദ്രനും കൂട്ടരും. ലോക്സഭാ ഇലക്ഷന് ലാഭം കൊയ്തത് കോൺഗ്രസും. തുടക്കം അങ്ങയുടെ ആയതുകൊണ്ടാണ്. ഇതിനാണ് പറയുന്നത് തല്ലു മുഴുവൻ ചെണ്ടയ്ക്ക് ദുട്ടു മുഴുവൻ മാരാർക്കുമെന്ന്.

അത് കഴിഞ്ഞ് നിയമസഭാ ഇലക്ഷനിൽ സത്യത്തിൽ താങ്കളും കുറച്ച് ഉഴപ്പി. തവണ വച്ച് ഭരണം മാറിവരും എന്ന അമിതവിശ്വാസം താങ്കൾക്കും ഉണ്ടായിരുന്നു. “ഊഴം നോക്കി ഇരുന്നവരെല്ലാം ഊഞ്ഞാലാടി രസിച്ചു നടപ്പൂ ” . അത് പോട്ടെ അടുത്തവർഷം വരാനിരിക്കുന്ന മാമാങ്കം കേമമാക്കണമെങ്കിൽ കേരളത്തിൽ നിന്നും നല്ല സംഭാവന തന്നെ വേണം. പഴയ 19ഉം കിട്ടില്ല എന്നറിയാം. എന്നാലും പ്രവർത്തകരെ ഉണർത്തി നിർത്താൻ 20 സീറ്റിലും ജയിക്കും എന്നെല്ലാം ഓരോരുത്തർ വീമ്പിളക്കുന്നതല്ലേ. ഒരു ചുക്കും ഇവിടെ നടക്കുമെന്ന് ഇപ്പോഴത്തെ നിലയിൽ തോന്നുന്നില്ല.

അതുകൊണ്ടാലണ് പറഞ്ഞത്‌ അങ്ങ് നേതൃത്വം ഏറ്റെടുക്കണമെന്ന്. മെത്രാന്‍മാരുടെ ഇടയിലും അങ്ങ് മുന്‍പില്‍ തന്നെയാണ് . അത് അങ്ങനെ തന്നെ വേണം. പണ്ട് മന്നത്ത് അപ്പന്റെ കാലത്ത് അരക്കിട്ട് ഉറപ്പിച്ച ബന്ധം അല്ലേ. ആ പേരില്‍ ഒരു വിമോചനം നമ്മള്‍ ആഘോഷിച്ചത് അല്ലേ. ലീഗിനേയും വെറുതേ പിണക്കണ്ട. നമ്മള്‍ക്ക് ആവശ്യം വരും. പ്രത്യേകിച്ച് പാണക്കാട് തങ്ങമാരുടെ പ്രസക്തി ഒന്ന് കുറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തില്‍. അതുകൊണ്ട് ഷംസിറിനിട്ടു മാത്രം കുത്തിയാല്‍ മതി. ബാക്കി ഉള്ളവരെ തോണ്ടാന്‍ പോകണ്ട. എന്നാലെ പെരുന്നയുടെ പെരുമ ഒന്ന്‍ മുന്നിട്ടു നില്‍ക്കുക ഉള്ളൂ.

ചുമ്മാ എൻഎസ്എസ് പ്രസിഡന്റ് പദവിയിലിരുന്ന് ജീവിതം പാഴാക്കാതെ. നമ്മൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് വേണ്ടി വല്ലതും നല്ലത് ചെയ്യാൻ നോക്ക്. രണ്ട് പദവിയും ഒരുമിച്ച് നോക്കിയാലും ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല. സന്തോഷമേയുള്ളൂ. ഇനി സമയമില്ല. ഒന്ന് മുന്നിൽ വന്നു നിന്ന് നയിച്ച് സഹായിക്കണം.

സതീശൻ നായരോ വിദേശി നായരോ ഒന്നും വേണ്ട. അവർക്കൊന്നും അതിന് ആവതില്ല. മുസ്ലിം വോട്ടിൽ കണ്ണുവെച്ച് നാമമാറ്റം നടത്തിയ ഉസ്മാൻ നായരെയും വേണ്ട. താക്കോൽ സ്ഥാനം അയാളെ ഏൽപ്പിച്ചു കൊടുത്തിട്ട് അയാൾ മൊത്തം കുളിപ്പിച്ച് കിടത്തിയില്ലേ. നായന്മാരുടെ പേര് കളയാൻ ഓരോ ജന്മങ്ങൾ. യുപിയിലും ഹരിയാനയിലും ഡൽഹിയിലും ആയി ആയിരത്തിൽ കൂടുതൽ മുട്ടൻ ലോറികൾ ഇയാൾ വക ഓടുന്നുണ്ട് എന്നാണ് 10 വർഷം മുൻപ് അയാളുടെ ഒരു സ്നേഹിതൻ തന്നെ പറഞ്ഞത്. അസൂയ കൊണ്ട് പറഞ്ഞതായിരിക്കാം. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളത്തില്ല. പറഞ്ഞ കണക്കനുസരിച്ച് ഇപ്പോൾ ആ മുതൽ നാലിരട്ടി ആയി കാണും.

പരദൂഷണം പോട്ടെ. ഒന്നുകൂടി അഭ്യർത്ഥിക്കുകയാണ് സുകുമാരന്‍ നായർ വരണം. കോൺഗ്രസിനെ രക്ഷിക്കണമെന്ന്. ഇപ്പോൾ പിടിച്ച ഷംസീർ ലൈൻ ഒന്നു മൂപ്പിച്ചാൽ മതി. ബിജെപിക്കാരു പൊട്ടന്മാരാണ്. ആർഎസ്എസുകാരു ശുദ്ധന്മാരും. രണ്ടും കണക്കാ. ദൈവകാര്യം ആണല്ലോ എന്ന് കരുതി കയറി പിടിച്ചോളും .

ഇനി കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ വേറെ ഒരു ഉപദേശം പറയാം. നമ്മുടെ ക്രിസ്ത്യൻ സ്കൂളുകളിൽ എല്ലാം ലോക്കൽ മാനേജർ ഉണ്ട്. മിക്കവാറും വികാരിയച്ചൻ പിന്നെ കോർപ്പറേറ്റ് മാനേജർ ഉണ്ട്. പക്ഷേ അതിനുമുകളിൽ സർവ്വാധികാരിയായി മെത്രാൻ ഉള്ളതുകൊണ്ട് കോർപ്പറേറ്റ് മാനേജരേ ആരും പേര് വെച്ച് ബഹുമാനിക്കാറില്ല. പകരം മെത്രാനെ രക്ഷാധികാരി എന്ന് പറഞ്ഞ് ഫോട്ടോയും വെച്ച് കളത്തിൽ ഇറക്കും. അധികാരം ഒന്നും ഇല്ല എങ്കിലും ഭരണം നിയന്ത്രിക്കുന്നത് മെത്രാൻ ആയിരിക്കും.

അതുപോലെ കെപിസിസിയുടെ രക്ഷാധികാരിയായി വരിക. എൻഎസ്എസ്സിന്റെ പ്രസിഡന്റ് കെപിസിയുടെ രക്ഷാധികാരിയും. അപ്പോൾ പിന്നെ നായരില്ല എന്നൊരു പരാതി ഉണ്ടാകില്ല. ഈ രീതിയിൽ ഡിസിസികളിൽ എൻഎസ്എസിന്റെ താലൂക്ക് സെക്രട്ടറിമാരെയും രക്ഷാധികാരി ആക്കാവുന്നതാണ്. ചൂണ്ടുവിരലിൽ നിർത്താൻ അറിയാവുന്ന, കൊള്ളാവുന്ന ഏതെങ്കിലും നായരെ നിയമിക്കണം എന്ന് മാത്രം.

പ്രധാനമന്ത്രി പറഞ്ഞ പ്ലാസ്റ്റിക് സർജറി ഫോർമുലയെപ്പറ്റി മുൻപ് വിദേശി നായർ ചിലത് പറഞ്ഞിരുന്നു. നായര് കുത്തിയാൽ നോവില്ല. അത് പോലെ അല്ലല്ലോ ഒരു നാലാം വേദക്കാരൻ പുരാണങ്ങളെ വ്യാഖ്യാനിക്കാൻ. ഇവനൊക്കെ ആര് അനുവാദം കൊടുത്തു.

പക്ഷേ എന്റെ കാഴ്ചപ്പാട് അക്കാര്യത്തിൽ മറ്റൊന്നാണ്. കാണേണ്ടാത്തത് കാണാതിരിക്കാനും കാണേണ്ടത് കാണാനും ഉള്ള അങ്ങയുടെ ഉൾക്കണ്ണ്. ഏത് കളം പിടിക്കും എന്ന തിരിച്ചറിവ്. അത് സമയത്ത് തുറന്നു പറയാനുള്ള മനസ്സ്. സ്തുതിച്ചു പോകും. പൊങ്ങാവാതം പിടിച്ചു കിടക്കുന്ന കോൺഗ്രസിനെ ഉഴിച്ചിലും പിഴിച്ചിലും നടത്തി ഉയർത്തെഴുന്നേൽപ്പിക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഈ തിരിച്ചറിവിൽ നിന്നാണ് ഞാൻ ഈ കത്ത് എഴുതുന്നത്. എന്നെപ്പോലെ ആയിരങ്ങൾ അതിനു തയ്യാറായി ഇരിപ്പുണ്ട് എന്ന് എനിക്കറിയാം. ഏത് കാര്യത്തിലും ആദ്യം ആവശ്യപ്പെടുന്നവൻ ആണല്ലോ മിടുക്കൻ.

എന്ന് വിനീത വിധേയൻ
ഉപ്പീലി അപ്പൻ

അടിയില്‍ ഒപ്പ്

Leave A Reply