കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് സുനിൽ കുനുഗുലുവും പുറപ്പെട്ടിട്ടുണ്ട്. ആരുടെയൊക്കെ ചീട്ടുകേറും എന്ന് കണ്ടറിയാം. കർണാടകയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ തന്ത്രിയായിരുന്ന ഇയാൾ എഐസിസി പ്രസിഡന്റ് ഖാർഗയുടെ നിർദ്ദേശം അനുസരണമാണ് കേരളത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വെറുതെയല്ല കൈയ്യില്‍ തോനെ എണ്ണി മേടിച്ചിട്ടാണ് വരവ്.
ഗജരാജ ഗുണ്ട് പൊട്ടിച്ചാണ് കേരളത്തിൽ കാലുകുത്തിയത് തന്നെ. വരവ് നാലാളെ അറിയിച്ചു . പക്ഷേ അത് അത്രയങ്ങ് ഏശിയില്ല. പിണറായി വിജയൻ വേണ്ട രീതിയിൽ സഹകരിച്ചില്ല എന്നതാണ് സത്യം. ശ്രീമാൻ കുനുഗുലുവിന്റെ ഒരു രീതി ദാസനും വിജയനും കേസ് പിടിക്കാൻ പോകുന്നത് പോലെയാണ്. സംഭവസ്ഥലത്ത് എത്തി പ്രധാന പുരോഹിതരെയും എതിരാളികളെയും നിരീക്ഷിച്ചു അവരുടെ വേഷഭൂഷാദികൾ മുതൽ ഭാവ വ്യത്യാസങ്ങൾ വരെ പഠിച്ചിട്ടാണ് ചാർത്ത് എഴുതി കൊടുക്കുന്നത്. അത് പ്രകാരം പിണറായിയെ ചൊറിഞ്ഞാൽ ക്ഷോഭിച്ച് പ്രതികരിക്കുമെന്ന് പഴയ വീഡിയോ സഹിതം വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയതാണ്.
പണ്ട് പാർട്ടി സമ്മേളനത്തിൽ കള്ളടിച്ച് വന്ന്‍ ബഹളം ഉണ്ടാക്കാൻ ശ്രമിച്ച സഖാക്കളെ കശക്കിയെറിഞ്ഞ വീഡിയോ ഇന്നും വൈറലാണ്. അത് പ്രകാരം അനുശോചന യോഗത്തിൽ ഒന്ന് മുദ്രാവാക്യം വിളിച്ച് മൈക്കിനെ കൊണ്ട് പ്രകോപിപ്പിച്ചാൽ ഉറപ്പായും പിണറായി വിജയൻ ഇളകി ആടും എന്നാണ് ഇയാൾ കണക്കുകൂട്ടിയത്. പാർട്ടി സെക്രട്ടറി വിജയനല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് മൈക്കിന്റെ മുന്നിൽ വരുന്നത് എന്ന് കുനുഗുലുവും ഓർത്തില്ല. അങ്ങനെ അത് ചീറ്റി.
ഇനിയാണ് പുതിയ കളി. കമ്പനി വക 16 എം.പി മാരെയും വിലയിരുത്തി മാർക്കിട്ട് ചീട്ട് കീറേണ്ടവനെ കീറി പുതിയ താരങ്ങളെ കണ്ടെത്തുക അതാണ് ദൗത്യം. കാസർഗോഡ് മുതൽ തുടങ്ങുന്നു എന്നാണ് കേട്ടത്. തെക്കു നിന്നെത്തി ശബരിമല ഓളത്തില്‍ കടന്നുകൂടിയ ഉണ്ണിത്താൻ ഒരു ടേമും കൂടി പിടിച്ച് നിൽക്കും എന്നാണ് കരുതുന്നത്. അടുത്തത് കണ്ണൂരാണ്. അതിനുമുമ്പ് ഒറ്റ വാചകത്തിൽ അവസാനിപ്പിക്കാവുന്ന വടകരയും കോഴിക്കോടും ഉണ്ട്.
രണ്ടിലും കൊള്ളാവുന്ന ആള്‍ക്കാരാണ് കാലുറപ്പിച്ച് നിൽക്കുന്നത്. പിന്നെ ഉള്ളത് വയനാട് ആണ്. രാഹുൽ ഗാന്ധിയെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ യുപിയിലെ ഓളം കൂട്ടാന്‍ അങ്ങോട്ട് പറിച്ചു നടണം എന്നും വേണ്ട എന്നും അഭിപ്രായമുള്ളവർ ഉണ്ട്. മുസ്ലിം കോട്ടയിൽ നിൽക്കുന്നു എന്ന ചീത്ത പേർ മാറ്റിയെടുക്കാം എന്ന് അഭിപ്രായം പറയുന്നവർ ഉണ്ട്.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉറപ്പിക്കാൻ ലേശം ബുദ്ധിമുട്ടായിരിക്കും. ഏതായാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ രാഹുൽജി തന്നെയായിരിക്കും സ്ഥാനാർഥി. കാലാവസ്ഥയിൽ മാറ്റം വരുമ്പോൾ അറിയിക്കാം. പൊന്നാനിയും മലപ്പുറം ലീഗിന്റെ കുത്തക സീറ്റ് ആണ്. അവിടെ ഇങ്ങേർക്ക് വലിയ റോളില്ല. പാലക്കാട് വി കെ ശ്രീകണ്ഠനും കുറ്റിതെറിക്കാൻ സാധ്യതയില്ല. അതോടെ മലബാറിൽ കണ്ണൂർ ഒഴിച്ച് എല്ലാ സീറ്റിനും തീരുമാനമാകും.
കണ്ണൂരിൽ സുധാകരൻ ആരോഗ്യകാരണം പറഞ്ഞ് കളം ഒഴിയാനാണ് സാധ്യത. ഇത്തവണ പ്രകടനം മോശവും ആയിരുന്നു. പറയുന്നത് ആരോഗ്യകാരണമാണ് എങ്കിലും നിയമസഭ ഇലക്ഷൻ വരുമ്പോൾ കാരിരുമ്പിന്റെ കരുത്തോടെ കളത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. കണ്ണൂരില്‍ മേയർ മോഹനന്റെ പേരാണ് കളത്തിൽ വരുന്ന പേര്. പക്ഷേ മലബാറിൽ കോൺഗ്രസുകാരുടെ കൈവശമുള്ള ബാക്കി അഞ്ചു സീറ്റിലും മുന്നോക്ക സമുദായത്തിൽ പെട്ടവർ നില ഉറപ്പിച്ചിരിക്കുന്നത് കൊണ്ട് ഒരു മുന്നോക്കക്കാരനായ മോഹൻ കളത്തിൽ നിന്നും നിഷ്കാസിത നാകും എന്നാണ് വിലയിരുത്തൽ. കൂടാതെ കോർപ്പറേഷൻ ഭരണത്തിൽ വന്നിട്ടുള്ള താളപ്പിഴയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കും.
എന്‍. ലിജു ആലപ്പുഴയിൽ നിന്നും വണ്ടി കയറാൻ നിൽക്കുന്നുണ്ട്. പക്ഷേ മലബാറുകാര്‍ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. വർഷങ്ങളായി തമ്പടിച്ചിരുന്ന കെ സി ജോസഫ് എന്ന ചാമ്പ്യനെ കൊള്ളി പെറുക്കി എറിഞ്ഞ് ഓടിച്ചവന്മാരാണ് ചേവകന്മാർ. അതുകൊണ്ട് ലിജുവിന് ചാൻസില്ല. ലിജുവിന് ആലപ്പുഴ തന്നെ ശരണം. വിടി ബൽറാമിനും ഇതുതന്നെയായിരിക്കും ഗതി.
സുധാകരന്റെ അടുത്ത ഒരു അനുയായിയെ കോഴിക്കോട് നിന്നും കുടി ഇരുത്താൻ ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസിലെ ഒറ്റയാനായ സത്യന്‍ നരവൂരിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷേ സാധ്യതയില്ല. കണ്ണൂരിൽ നിന്നും അടുത്ത തവണ അസംബ്ലിയിലേക്ക് പരിഗണിക്കാനാണ് സാധ്യത. കെ ബാബു, ഉമ്മൻചാണ്ടി അടക്കമുള്ളവരെ അകത്തിടാൻ ജേക്കബ് തോമസ് നടത്തിയ നീക്കങ്ങളെ ഫലപ്രദമായി ചെറുത്തു നിന്നത് സത്യന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ അനന്തരഫലമാണ്. തികഞ്ഞ അഴിമതിക്കാരനായ ഒരു ഐപിഎസ് കാരന്റെ തനിനിറം തുറന്നു കാണിച്ചത് സത്യനാണ്. ഉമ്മൻചാണ്ടി ജീവിച്ചിരുന്നു എങ്കിൽ സത്യനു നറുക്ക് വീണേനെ.
ഇനിയുള്ളത് ക്ഷമാ മുഹമ്മദ് ആണ്. ചാനൽ ചർച്ചകളിൽ എ ഐ സിസിയുടെ മുഖം. എതിരാളികളെ നേരിടുന്നതിൽ ഒട്ടും ക്ഷമ കാണിക്കാത്ത ക്ഷമയോട് ചർച്ച നിയന്ത്രിക്കുന്നവർ ഇടയ്ക്കിടയ്ക്ക് ക്ഷമ കാണിക്കണം എന്ന് വിളിച്ചു പറയുന്നത് ചർച്ചയിലെ ഒരു കൗതുകം ആണ്. കോൺഗ്രസുകാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ മുസ്ലിം വോട്ട് ഉള്ളതും വനിത എന്നുള്ളതും ആണ് ക്ഷമയ്ക്ക് അനുകൂലമായ ഘടകം . കർണാടക ഇലക്ഷനിൽ കോണ്‍ഗ്രസിന്റെ മീഡിയ സെല്ലിന്റെ ചുമതല ഉണ്ടായിരുന്ന ക്ഷമയുടെ ഏകോപനം എഐസിസി പ്രസിഡന്റിന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇതോടൊപ്പം വിലയിരുത്തേണ്ട മറ്റൊരു മലബാർ മണ്ഡലമാണ് ആലത്തൂർ. രമ്യ ഹരിദാസ് ഇലക്ഷൻ പ്രചരണത്തിന് കാണിച്ച ശുഷ്കാന്തി പിന്നീടുള്ള പ്രവർത്തനത്തിൽ കണ്ടില്ല എന്ന പരാതി വ്യാപകമായി ഉണ്ട്. ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങൾ രമ്യയുടെ മാറ്റത്തിലേക്കാണ് നയിക്കുന്നത്. പകരക്കാരെ കോൺഗ്രസ് തന്നെ തേടുന്നു എന്ന വാർത്ത ഉണ്ട്.
തൃശ്ശൂരിൽ പേടിച്ച് ഓടാൻ തുനിഞ്ഞ പ്രതാപനെ ആണി അടിച്ചു നിർത്തിയിരിക്കുകയാണ്. പ്രതാപൻ മാറിയാൽ ബിജെപിക്ക് അത് ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ. ചാലക്കുടിയിൽ പുതിയ തന്ത്രമാണ് ബെന്നി പയറ്റുന്നത്. ഏതായാലും താൻ ജയിക്കുകയുമില്ല പാർട്ടി സീറ്റ് തരികയുമില്ല എന്ന് അറിയാവുന്നത് കൊണ്ട് അങ്കമാലിയിൽ നിന്ന് റോജിയെ ചാലക്കുടിയിൽ മത്സരിപ്പിച്ചിട്ട് റോജി രാജിവയ്ക്കുന്ന ഒഴിവിൽ അങ്കമാലിയിൽ മത്സരിച്ച് കളം പിടിക്കാം എന്നാണ് ബെന്നിയുടെ മനസ്സിലിരിപ്പ്. അത് 2026ൽ ഗുണം ചെയ്യും എന്നൊരു കണക്കുണ്ട്.
ഹൈബി സീറ്റ് ഉറപ്പിച്ച് തന്നെയാണ് മുന്നേറുന്നത്. ഡിന്‍ കുര്യാക്കോസിന് ഇതുവരെ തട്ടുകേടില്ല. പക്ഷെ പി ജെ ജോസഫ് പിടിമുറുക്കി ഇടുക്കിയും കോട്ടയവും വച്ച് മാറാൻ ഇടയായാൽ ഡിൻ കോട്ടയത്തേക്കോ പത്തനംതിട്ടയിലേക്കോ മാറും. കോട്ടയം സീറ്റിനുവേണ്ടി കേരള കോൺഗ്രസും കോൺഗ്രസും പൊരിഞ്ഞ ഇടിയാണ് നടക്കുന്നത്. ഒടുവിൽ പിജെയുടെ ആഗ്രഹം പൂർത്തീകരണത്തിന് വേണ്ടി യുഡിഎഫ് അത് സാധിച്ചു കൊടുക്കും.
ഏതായാലും കോട്ടയത്തിന്റെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാണ്. പിജെ തന്നെ ആകും സ്ഥാനാർത്ഥി. കാരണം പിജെ വാശിക്കാരനാണ് . മുറിവേറ്റ വന്യമൃഗമാണ്. പക ഉള്ളിലുണ്ട്. ഒരിക്കൽ എങ്കിലും പാർലമെന്റിൽ പോകണമെന്നത് ജീവിത അഭിലാഷവുമാണ്. ഒന്ന് പിഴച്ചാൽ മൂന്നു പിഴയ്ക്കും എന്നാണ് പഴമൊഴി. കഴിഞ്ഞതവണ ഒരു രീതിയിൽ ഒപ്പിച്ച് എടുത്തതായിരുന്നു. ജോസും കൂട്ടരും അത് തെറിപ്പിച്ചതാണ്. കൂടെ നിൽക്കും എന്ന് കരുതിയ ചാഴിക്കാടനും മുഖ്യധാരയുടെ ഭാഗമായി നിന്നുപോയി. അതുകൊണ്ട് അതേ ചാഴിക്കാടിനെ തന്നെ തോൽപ്പിക്കണം എന്ന തീരുമാനം അന്ന് എടുത്തതാണ്. തീരുമാനിച്ചിറച്ചാൽ അതിൽ നിന്നും പുറകോട്ട് പോകുന്ന സ്വഭാവക്കാരൻ അല്ല പി ജെ. കേരള കോൺഗ്രസ് ഉണ്ടായ കാലം മുതലുള്ള എല്ലാ പിളര്‍പ്പിന്റെയും ഗുണഭോക്താവ് തന്റെ സ്ഥാനം ഉറപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന നേതാവ്.
പത്തനംതിട്ടയിൽ ആന്റോ ആന്റണി ഇനി മത്സരിക്കില്ല. അവിടെ ചാണ്ടി ഉമ്മന്‍ സ്ഥാനാർത്ഥിയാകും. അടുത്ത നിയമസഭയിൽ ആന്റോ ആന്റണി പൂഞ്ഞാറിൽ മത്സരിക്കും.
ഇനിയുള്ളത് ആലപ്പുഴയാണ്. എം ലിജുവിന് തന്നെയാണ് ചാൻസ്. കൊല്ലത്ത് പ്രേമചന്ദ്രന്റെ കാര്യത്തിൽ മാറ്റം വരാൻ സാധ്യതയില്ല. ആറ്റിങ്ങലിലും തിരുവനന്തപുരത്തും മാറ്റം പ്രതീക്ഷിക്കുന്നില്ല.
ആറ്റിങ്ങലിന്റെ കാര്യത്തിൽ അടൂർ പ്രകാശിന് മറ്റൊരു കാഴ്ചപ്പാടാണ്. ഡൽഹിക്ക് വണ്ടി കയറിയിട്ട് കാര്യമില്ല എന്ന് അറിയാം. അതുകൊണ്ട് അടുത്ത നിയമസഭയിൽ പയറ്റാനുള്ള വഴികളാണ് ആലോചിക്കുന്നത്. പരിശ്രമിച്ചാൽ ശ്രീമാൻ ആകാമെന്ന് ഒരു പ്രമാണം ഉണ്ട്. കോൺഗ്രസിനും ആ വഴിയിൽ ഒരു ചിന്ത ഇല്ലാതില്ല. കോന്നി തിരികെ പിടിക്കാൻ അടൂർ പ്രകാശ് തന്നെ വേണം.
മാറ്റം പ്രതീക്ഷിക്കുന്ന മാവേലിക്കരയിൽ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം വളരെ മോശമായി തന്നെയാണ് വിലയിരുത്തുന്നത്. എം സി റോഡിൽ പാരലായി ഒരു ഗ്രീൻഫീൽഡ് ഹൈവേ വരുന്നു എന്നറിഞ്ഞ മാത്രയിൽ വികസനം ഞങ്ങൾക്ക് വേണ്ട. യാത്ര ചെയ്യാൻ സൗകര്യം ഉണ്ടായാൽ ജനം അന്യദേശത്ത് പോയി നല്ലത് വല്ലതും പഠിച്ചാൽ പിന്നെ തന്നെ ചുമക്കാൻ ആളുണ്ടാകില്ല എന്നത് കൊണ്ട് ഗ്രീൻഫീൽഡ് ഹൈവേ നാട്ടിൽ ആപത്ത് അത് വേണ്ടേ വേണ്ടാ എന്ന് കേന്ദ്രമന്ത്രിയ്ക്ക് പരാതി എഴുതിക്കൊടുത്ത വിദ്വാൻ ആണ്.
പണ്ട് ഒരു പാലം വരുന്നു എന്ന് കേട്ടപ്പോൾ ഗോതുരുത്തുകാർ പാലം വേണ്ട എന്ന് പറഞ്ഞ് സമരം ചെയ്തു എന്ന്‍ കേട്ടിട്ടുണ്ട്. ഇന്ന് അവിടെമെല്ലാം മാറിപ്പോയി. എന്നാലും കൊടിക്കുന്നിൽ എംപിയുടെ മനസ്സിന് മാത്രം ഒരു വികസനവും വന്നുചേർന്നിട്ടില്ല. ഏതെങ്കിലും കേന്ദ്ര പദ്ധതിയിൽ എംപിമാരുടെ മനസ്സ് വികസിപ്പിക്കാൻ എന്തെങ്കിലും വകുപ്പുണ്ടോ എന്ന് നോക്കണം.
ഏതായാലും പന്തളം സുധാകരന്റെ ശുക്രൻ തെളിഞ്ഞു എന്നാണ് പറഞ്ഞു കേൾക്കുന്നത്. കെ കെ ഷാജു ഉണ്ടായിരുന്നു . എന്താ ചെയ്യുക. ഒരല്പം ക്ഷമ കാണിക്കാമായിരുന്നു. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് കരുതി പോകുന്നവർക്കെല്ലാം ഇതായിരിക്കും ഗതി.