വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ വിപിന്‍ കുമാര്‍ മിശ്ര (22), ധീരജ് കുമാര്‍ (35), ഉമ്മത്ത് അലി (26), സാക്ഷിമൗലി രാജ് (27) എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് ഉത്തര്‍ പ്രദേശില്‍ നിന്ന് പിടികൂടിയത്. പ്രമുഖ ബില്‍ഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികള്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അതില്‍ നിന്നും പരാതിക്കാരന് മെസേജ് അയച്ച്  42 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ആധാര്‍ ഡിജിറ്റല്‍ സേവാ കേന്ദ്രം നടത്തുന്ന ഒന്നാം പ്രതി തന്റെ കടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ആളുകളുടെ എടിഎം കാര്‍ഡ് കൈക്കലാക്കി, അങ്ങനെ ലഭിക്കുന്ന അക്കൗണ്ടിലേക്കാണ് ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം നിക്ഷേപിച്ചിരുന്നത്. പണം വീതിച്ചെടുത്ത് ആഢംബരജീവിതം നയിച്ചുവരികയായിരുന്നു പ്രതികള്‍. അന്വേഷണ സംഘം 12 ദിവസത്തോളം ഉത്തര്‍പ്രദേശില്‍ താമസിച്ചാണ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്.

സാക്ഷി മൗലി രാജിനെതിരെ ഉത്തര്‍ പ്രദേശില്‍ 3 സൈബര്‍ കേസുണ്ട്. മറ്റൊരു പ്രതിയായ ഉമ്മത്ത് അലിക്കെതിരെ ബലാത്സംഗ കേസും, മോഷണ കേസുമുണ്ട്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply