റഷ്യൻ കപ്പലിന് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണം

റഷ്യൻ കപ്പലിന് നേരെ വീണ്ടും യുക്രെയിന്റെ ഡ്രോൺ ആക്രമണം. ഇന്നലെ പുലർച്ചെ 11 ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച കപ്പലിനെ കെർച് കടലിടക്കിൽ വച്ചാണ് യുക്രെയിന്റെ നാവിക ഡ്രോൺ ആക്രമിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ യുക്രെയിൻ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഡ്രോൺ ഉപയോഗിച്ചെന്ന കാര്യം സെക്യൂരിറ്റി സർവീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെള്ളിയാഴ്ചയും കരിങ്കടലിൽ വച്ച് റഷ്യൻ കപ്പലിനെ യുക്രെയിന്റെ ഡ്രോൺ ആക്രമിച്ചിരുന്നു.

കരിങ്കടലിനെയും അസോവ് കടലിനെയും തമ്മിൽ ബന്ധിപ്പിക്കുകയും ക്രൈമിയയേയും റഷ്യയുടെ താമൻ ഉപദ്വീപിനെയും തമ്മിൽ വേർതിരിക്കുകയും ചെയ്യുന്നതാണ് കെർച് കടലിടുക്ക്. ഇന്ധനവുമായി സഞ്ചരിച്ച കപ്പലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. ക്രൈമിയയിൽ കെർച് കടൽപ്പാലത്തിൽ നിന്ന് 17 മൈൽ അകലെ തെക്കായിരുന്നു കപ്പലിന്റെ സ്ഥാനം. കപ്പലിന്റെ എൻജിൻ റൂമിന് കേടുപാടുണ്ടെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ കെർച് കടൽപ്പാലത്തിലെ ഗതാഗതം താത്കാലികമായി നിറുത്തി.

Leave A Reply