ചിത്രദുർഗയിൽ മാലിന്യംകലർന്ന കുടിവെള്ളം കുടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്.കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിലായി ആറുദിവസത്തിനിടെ ആറുപേരാണ് മരിച്ചത്. ഗർഭിണിയായ യുവതി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പ്രസവത്തിനായി കവടിഗരഹട്ടിയിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ ഉഷയാണ് (22) മരിച്ചത്.
വെള്ളം കുടിച്ചതോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.വെള്ളം കുടിച്ച് ഗ്രാമവാസികൾ മരിച്ച സംഭവത്തിൽ ലോകായുക്ത സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.