പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം: മന്ത്രി പി പ്രസാദ്

തൃശൂർ: പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ച് കർഷകന് ന്യായമായ വില നൽകി നമ്മുടെ നാട്ടിൽത്തന്നെ വിൽക്കുക എന്നതാണ് വിലക്കയറ്റത്തിന് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു.
താന്ന്യം പഞ്ചായത്തിലെ പുതിയ കൃഷി ഭവന്റെയും കാർഷിക ക്ലിനിക്കിന്റെയും ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി.
സേവനങ്ങൾ കൃഷിയിടത്തിൽ ലഭ്യമാകുമ്പോൾ മാത്രമെ സ്മാർട്ട് കൃഷിഭവൻ എന്ന ആശയത്തിലേക്ക് എത്തുകയുള്ളു. കൃഷി ഓഫീസർമാർ കൃഷിയിടങ്ങളിൽ ചെന്ന് കാര്യനിർവഹണം നടത്തണം. കർഷകർ കൃഷിയോട് കാണിച്ച താത്പര്യമാണ് കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കാർഷികമേഖലയെ 4.64 ശതമാനം ഉയർച്ചയിലേക്ക് എത്തിച്ചത്. വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് താന്ന്യം പഞ്ചായത്തിന് സ്വന്തമായി ഒരു ആക്ഷൻ പ്ലാൻ വേണമെന്നും മന്ത്രി നിർദേശിച്ചു.
കൃഷി ഭവൻ പണി പൂർത്തികരിച്ച സ്ഥലം പഞ്ചായത്തിന് സംഭാവന ചെയ്ത ആവണേങ്ങാട്ട് കളരി അഡ്വ. എ യു രഘുരാമപണിക്കരെ മന്ത്രി ആദരിച്ചു. ചടങ്ങിൽ സി സി മുകുന്ദൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ ആദരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്തിന് സംഭാവനയായി ലഭിച്ച 5 സെന്റ് സ്ഥലത്താണ് ആർ കെ വി വൈ ഫണ്ട്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഫണ്ട്, പഞ്ചായത്ത് തന്നത് ഫണ്ട് എന്നിവ ഉൾപ്പെടെ 85 ലക്ഷം രൂപ ചെലവിൽ മൂന്ന് നില കെട്ടിടം കാർഷിക മേഖലയ്ക്കായി പണി പൂർത്തീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി എൻ സുർജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മായ ടി ബി, താന്ന്യം കൃഷി ഓഫീസർ രൺദീപ് കെ ആർ, ജനപ്രതിനികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply