വാട്ടർ അതോറിറ്റിയുടെ 220 മീറ്റർ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.
പത്തനംതിട്ട: വാട്ടർ അതോറിറ്റിയുടെ 220 മീറ്റർ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുനാട് കിഴക്കേ മാമ്പാറ മുരുപ്പേൽ അദ്വൈത് റെജി (30) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. മാമ്പാറ മുരുപ്പേൽ പ്രദേശത്ത് 20 വർഷം മുമ്പ് സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗത്തിലില്ലാത്തതുമായ 40 മില്ലിമീറ്റർ കനമുള്ള പൈപ്പുകൾ കഴിഞ്ഞമാസം 11നും 20 നുമാണ് ഇയാൾ മോഷ്ടിച്ച് പെട്ടിഓട്ടോയിൽ കടത്തിയത്.
വാട്ടർ അതോറിറ്റിക്ക് 52,623 രൂപയുടെ നഷ്ടമുണ്ടായി. അസി. എൻജിനീയർ അനിൽ കുമാർ നൽകിയ പരാതിലാണ് കേസെടുത്ത് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ചുകടത്തിയ പൈപ്പുകൾ പ്രതി പൂവത്തുമ്മൂടുള്ള ഒരു ആക്രിക്കടയിൽ വിറ്റിരുന്നു. പ്രതിയെ അവിടെയെത്തിച്ച് പെട്ടി ഓട്ടോയും പൈപ്പുകളും പൊലീസ് സംഘം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.