ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുദ്ധാരണം ആരംഭിച്ച എനാത്ത് റോഡിന്റെ നിർമാണം ഇഴയുന്നു
പത്തനാപുരം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുദ്ധാരണം ആരംഭിച്ച എനാത്ത് റോഡിന്റെ നിർമാണം ഇഴയുന്നു. ആരംഭിച്ച് ആറ് മാസം കഴിഞ്ഞിട്ടും പ്രാരംഭഘട്ടം പോലും പൂര്‍ത്തിയായിട്ടില്ല. ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്.ഡി.ആര്) എന്ന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ റോഡ് നിർമാണമാണ് പത്തനാപുരം മണ്ഡലത്തിലെ നടുക്കുന്ന്-എനാത്ത് പാതയില്‍ നടക്കുന്നത്. ഇപ്പോൾ കലുങ്ക്, ഓട നിർമാണമാണ് നടക്കുന്നത്. നിലവിലുള്ള റോഡ് യന്ത്ര സഹായത്തോടെ ആഴത്തിൽ ഉഴുതുമറിക്കും. പഴയ ടാറിനും മെറ്റലിനും ഒപ്പം കോൺക്രീറ്റും ടാര്‍ മിക്സ്ചറുമായി കലർത്തി റോഡ് ഉറപ്പിക്കും. അതിന് മുകളിൽ ബി.സി നിലവാരത്തിൽ ടാറിങ് നടത്തുന്നതാണ് എഫ്.ഡി.ആർ സാങ്കേതിക വിദ്യ. ഇതില്‍ ടാറിങ് ഇളക്കി പൊടിച്ച് പാത ഉറപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. അതിനാല്‍ പൊടിശല്യം രൂക്ഷമാണ്.
പുറമെ നിറയെ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. മണ്ഡലത്തിലെ പള്ളിമുക്ക്-കമുകുംചേരി-മുക്കടവ് റോഡ്, പള്ളിമുക്ക്-പുന്നല-അലിമുക്ക് ഉൾപ്പെടെ മൂന്ന് റോഡുകളാണ് എഫ്.ഡി.ആർ സാങ്കേതികവിദ്യവഴി പുനർനിർമിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ.എസ്.ആർ കമ്പനിക്കാണ് നിർമാണച്ചുമതല. കിഫ്ബിയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം.