തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ തീപിടിത്തം. ബണ്ട് റോഡിന് സമീപത്തുള്ള ലക്ഷ്മി ഏജൻസീസ് എന്ന ആക്രിക്കടയുടെ വലിയ ഗോഡൗണിലാണ് വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് കണ്ട സമീപവാസികളാണ് ആദ്യം കടയുടമയെയും തുടർന്ന് ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പ്രദേശത്തെ ഏറ്റവും വലിയ ആക്രി ഗോഡൗകളിലൊന്നാണിത്. ഇതിൽ മുഴുവനായി തീപടരാത്തത് രക്ഷയായി. അല്ലെങ്കിൽ സമീപത്തെ വീടുകളിലേക്കും വ്യാപിക്കുമായിരുന്നു.
ഗോഡൗണിൽ കൂടുതലും പേപ്പറും കാർഡ് ബോർഡുകളുമായതിനാൽ തീ അതിവേഗം പടർന്നു. ചാക്കയിൽനിന്നും ചെങ്കൽചൂളയിൽനിന്നും ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഇടുങ്ങിയ റോഡിലൂടെ ഫയർഫോഴ്സ് വാഹനങ്ങൾ കൊണ്ടുവരാൻ പ്രയാസപ്പെട്ടു. പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചാണ് ഫയർഫോഴ്സ് വാഹനങ്ങൾ കടത്തിവിട്ടത്. സംഭവത്തിൽ ആളപായമില്ല. തീപിടിച്ചപ്പോൾ അവിടെ രണ്ട് ജീവനക്കാരുണ്ടായിരുന്നു. അഞ്ച് യൂനിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ കെടുത്തിയത്.
നാലുവർഷത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ശേഖരിക്കുന്ന കാർഡ് ബോർഡുകളും പേപ്പറുകളും ഉൾപ്പെടെ വസ്തുക്കൾ കടയിൽ സൂക്ഷിക്കുന്ന പതിവുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.