പാറശ്ശാല: അമരവിളയില്‍ റിട്ട. എസ്.ഐയുടെ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടിനായിരുന്നു സംഭവം. അമരവിള ചെക്ക് പോസ്റ്റിന് സമീപം റിട്ട. എസ്.ഐ അനില്‍കുമാറിന്റെ അച്യുതം വീടാണ് ആക്രമിച്ചത്. പുലര്‍ച്ച രണ്ടിന് ജനല്‍ ചില്ലകളും കാറും അടിച്ചുതകര്‍ക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അനില്‍കുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ തടഞ്ഞു. തുടര്‍ന്ന് വിളക്കുകൾ തെളിച്ചതോടെ അക്രമികള്‍ ബൈക്കുകളിൽ സ്ഥലംവിട്ടു. മൂന്ന് ബൈക്കുകളിലായി ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് അനില്‍കുമാറും മകനും പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം എസ്.പി ഓഫിസില്‍നിന്ന് എസ്.ഐ ആയിരിക്കെ മൂന്നുമാസം മുമ്പാണ് അനില്‍കുമാര്‍ വിരമിച്ചത്.
തനിക്ക് ശത്രുക്കളില്ലെന്ന് അനില്‍കുമാര്‍ പറയുന്നു. മകള്‍ ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിലാണ് പഠിക്കുന്നത്. അവിടെ എ.ബി.വി.പി മാത്രമാണ് നിലവിലുള്ളത്. അവര്‍ സംഘടന പ്രവര്‍ത്തനത്തിന് നിര്‍ബന്ധിച്ച് വിദ്യാർഥികളെ കൊണ്ടുപോകുന്നത് പതിവായതിനാല്‍ വീട്ടില്‍ വന്ന് മകള്‍ പരാതി പറഞ്ഞിരുന്നു. ഇനി വിളിക്കുന്ന ദിവസം കോളജില്‍ പോകേണ്ടെന്ന് അനില്‍കുമാര്‍ മകളോട് പറഞ്ഞിരുന്നു. തുടർന്ന് പല പരിപാടികള്‍ക്കും മകള്‍ പങ്കെടുത്തില്ല. ഇതിന്റെ പകപോക്കലാകാം ആക്രമണത്തിന് പിന്നിലെന്ന് അനില്‍കുമാര്‍ പറയുന്നു.
മിനിറ്റുകള്‍ മാത്രം നീണ്ട ആക്രമണത്തില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആള്‍ട്ടോ കാര്‍ പൂര്‍ണമായി തകര്‍ത്തു. ബൈക്കുകളും വീടിന്റെ ജനലുകളും തകർത്തു. നെയ്യാറ്റിന്‍കര പൊലീസിന്റെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ധർ തെളിവ് ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.