സംസ്ഥാനത്ത് 44 കുട്ടികൾക്ക് ഉടൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഏകോപനത്തോടെ ഇവർക്കുള്ള ശസ്ത്രക്രിയ ഉടൻ നടത്തും. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കാൻ എസ്.എച്ച്.എയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി കുട്ടികൾക്ക് പരിരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയ്ക്കും തുടർ ചികിത്സയ്ക്കുമായി കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാനാണ് എസ്.എച്ച്.എ ശ്രമിക്കുന്നത്. ഇംപ്ലാന്റിനായി കെ.എം.എസ്.സി.എൽ. ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർജറി ആവശ്യമുള്ള കേസുകളിൽ ആശുപത്രികൾക്ക് ഇംപ്ലാന്റ് ലഭ്യമാക്കുവാൻ നിലവിൽ കരാറുള്ള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിച്ച ഫണ്ടും എസ്.എച്ച്.എയ്ക്ക് കൈമാറുന്നതിനുള്ള കെ.എസ്.എസ്.എമ്മിന് നൽകിയിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷന് 59,47,500 രൂപ എസ്.എച്ച്.എ. സാമൂഹ്യ സുരക്ഷാ മിഷന് നൽകിയിരുന്നു.

Leave A Reply