ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. രജൗരിയിലെ ഖവാസ് ഏരിയയിലാണ് സംഭവം. പ്രദേശത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജമ്മു എ.ഡി.ജി.പി മുകേഷ് സിങ് അറിയിച്ചു.
ഇന്നലെ കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് കുൽഗാം ജില്ലയിലെ ഹാലൻ വനപ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
നേരത്തെ, ജൂലൈ 18ന് പൂഞ്ച് ജില്ലയിൽ പാക് ഭീകരനെ സംയുക്ത ഓപറേഷനിൽ സുരക്ഷാസേന വധിക്കുകയും എ.കെ 47 റൈഫിളുകളും രണ്ട് പിസ്റ്റലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.