കല്പറ്റ: മലയോരഹൈവേയുടെ ഭാഗമായിരുന്ന കല്പറ്റ ബൈപ്പാസ് എൻ.എച്ച്. 766-ന്റെ ഭാഗമാക്കി നവീകരിക്കുമ്പോൾ നിർദിഷ്ട നാലുവരിപ്പാത രണ്ടുവരിയിലേക്ക് ഒതുങ്ങും. നാലുവരി പാതയ്ക്കാവശ്യമായ സ്ഥലം മുമ്പ് ഏറ്റെടുത്തത് ഉള്ളപ്പോഴാണ് ഇതു പരിഗണിക്കാതെ എൻ.എച്ച്. 766-ന്റെ ഭാഗമായുള്ള പുതുപ്പാടി- മുത്തങ്ങ നവീകരണപദ്ധതിയിലേക്ക് കല്പറ്റ ബൈപ്പാസിനെ ഉൾപ്പെടുത്തിയത്. 2017-2018 വർഷത്തിലാണ് മലയോര ഹൈവേയുടെ ഭാഗമാക്കി കല്പറ്റ ബൈപ്പാസ് നവീകരണവും ശുപാർശ ചെയ്തത്. കല്പറ്റ നഗരത്തിന്റെ വികസനസാധ്യതകളും ഗതാഗതക്കുരുക്കും മുൻകൂട്ടി കണ്ടാണ് നാലുവരിപ്പാത ശുപാർശ ചെയ്തത്.
ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ മുൻകൂറായി നടത്തിയിരുന്നതിനാൽ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ മലയോരഹൈവേയുടെ നിർമാണപ്രവൃത്തി അനിയന്ത്രിതമായി നീളുകയും ഒടുക്കം കരാറുകാരനെത്തന്നെ പിരിച്ചുവിടുന്ന അവസ്ഥയിലെത്തുകയും ചെയ്തു.ബൈപ്പാസ് ആകെ പൊട്ടിത്തകർന്ന് യാത്ര അസാധ്യമായതോടെ അറ്റകുറ്റപ്പണികളും നടന്നു. ഇതിനിടെയാണ് കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ന്റെ നവീകരണത്തിൽ കല്പറ്റ ബൈപ്പാസിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.ദേശീയപാത 766-ലെ പുതുപ്പാടിമുതൽ മുത്തങ്ങവരെ താമരശ്ശേരി ചുരം റോഡുൾപ്പെടെ വീതികൂട്ടുന്ന പദ്ധതിയിലാണ് ഇനി മുതൽ കല്പറ്റ ബൈപ്പാസ് നവീകരണവും ഉൾപ്പെടുക.
ഈ പദ്ധതിയിൽ രണ്ടുവരിയിൽ പേവ്ഡ് ഷോൾഡറോടുകൂടിയുള്ള റോഡാണ് പരിഗണനയിലുള്ളത്. 1050 കോടി രൂപ മൊത്തം ചെലവുവരുന്ന പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാവുന്നുണ്ട്. താമരശ്ശേരി ചുരത്തിലുൾപ്പെടെ മൂന്നിടങ്ങളിൽ വനഭൂമി ഏറ്റെടുക്കേണ്ടിവരും. പ്രവൃത്തി തുടങ്ങാൻ അഞ്ചുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ കല്പറ്റ ബൈപ്പാസിൽ എട്ട് – ഒമ്പത് കോടി രൂപയിൽ ഒതുങ്ങുന്ന നവീകരണമാണ് ആലോചിക്കുന്നത്. ചില വളവുകൾ ഒഴിവാക്കാൻ സ്ഥലം ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്. പേവ്ഡ് ഷോൾഡറോടുകൂടി 12 മീറ്റർ വീതിയിലുള്ള റോഡാണ് പരിഗണനയിലുള്ളത്.
നിലവിൽ ഏഴുമീറ്റർ വീതിയിലാണ് റോഡ്. എന്നാൽ കല്പറ്റ നഗരവികസനവുമായി ബന്ധപ്പെട്ട താത്പര്യംകൂടി പരിഗണിക്കുമ്പോൾ മുമ്പ് ആലോചിച്ചിരുന്ന നാലുവരി പാതതന്നെയാണ് അഭികാമ്യമെന്നാണ് അഭിപ്രായം വരുന്നത്. 17 മീറ്റർ വീതിയോടെ നാലുവരിപ്പാത, സംരക്ഷണഭിത്തികളുടെ നിർമാണം, ഇരുവശത്തും ഓവുചാലുകളും കൈവരികളോടുകൂടിയ നടപ്പാതയുമാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. 37 കോടി രൂപയായിരുന്നു ബൈപ്പാസ് നവീകരണത്തിന് മാത്രമായി വകയിരുത്തിയിരുന്നത്.