ബത്തേരി-താളൂർ റോഡ് പ്രതിഷേധം : ഐക്യദാർഢ്യവുമായി കൂടുതൽ സംഘടനകൾ

സുൽത്താൻബത്തേരി : ബത്തേരി-താളൂർ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോളിയാടിയിൽ ജനകീയസമരസമിതി ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ പണിമുടക്കി. വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബത്തേരി-താളൂർ റൂട്ടിലെ സ്വകാര്യബസുകൾ സർവീസ് നിർത്തിവെച്ചത്. പണിമുടക്കിയ തൊഴിലാളികളും ബസ്സുടമകളും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസുകൾ നിർത്തിവെച്ചുള്ള പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ചുള്ളിയോട് സ്വതന്ത്ര ഓട്ടോത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുപ്പതോളം ഓട്ടോറിക്ഷകൾ റാലിയായി കോളിയാടിയിലെത്തി സമരക്കാർക്ക് പിന്തുണയറിയിച്ചു. നാലാം ദിവസത്തിലേക്കെത്തിയതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് ഭാരവാഹികളുടെ തീരുമാനം. കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരമനുഷ്ഠിച്ചുവന്നിരുന്ന ശശിധരൻ താളൂരിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന്, ഡോക്ടറുടെ നിർദേശപ്രകാരം നൂൽപ്പുഴ പോലീസെത്തി അറസ്റ്റുചെയ്ത് ആശുപത്രിയിലേക്കു മാറ്റി. പകരം സമരസമിതിയുടെ നിർവാഹകസമിതിയംഗം രാജൻ കോളിയാടി നിരാഹാരം ആരംഭിച്ചു. ഇല്യാസ് ബാപ്പുട്ടി, എൽദോസ് മുള്ളൻപൊട്ടക്കൽ എന്നിവരാണ് നിരാഹാരം തുടരുന്ന മറ്റു രണ്ടുപേർ.കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒന്നുചേർന്ന് ആരംഭിച്ച ഈ സമരത്തോട് ആദ്യഘട്ടത്തിൽ മുഖംതിരിച്ചുനിന്ന രാഷ്ട്രീയപ്പാർട്ടികളിപ്പോൾ, സമരത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.

 

Leave A Reply