പുനരധിവാസം എങ്ങുമെത്തിയില്ല : പ്രളയഭീതി ഒഴിയാതെ ചിറ്റൂർ പുഴങ്കുനി കോളനിക്കാർ

പനമരം : 2018-19 കാലത്തെ മഹാപ്രളയം നാശംവിതച്ച കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡിലെ ചിറ്റൂർ പുഴങ്കുനി കോളനിക്കാരുടെ പുനരധിവാസം നീളുന്നത് കോളനിക്കാരെ പ്രതിസന്ധിയിലാക്കുന്നു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിലെ ഒരു കുടുംബത്തിന് സ്ഥലംവാങ്ങി വീടുവെക്കാൻ 10 ലക്ഷം രൂപവീതം അനുവദിച്ചിട്ടും പ്രളയപുനരധിവാസപദ്ധതി പൂർത്തിയായിട്ടില്ല.

കോളനിയിലെ 12 കുടുംബങ്ങൾക്ക് വീട് വെക്കാനായി അരക്കിലോമീറ്റർ അകലെ ഒരേക്കർ സ്ഥലംവാങ്ങുക മാത്രമാണുണ്ടായത്. ഇടപാടുകൾ കഴിഞ്ഞതോടെ വാങ്ങിയ സ്ഥലത്തേക്കെത്താൻ സഞ്ചാരയോഗ്യമായ വഴിയില്ലാത്തതാണ് പദ്ധതി വൈകാൻ ഇടയാക്കുന്നതെന്നാണ് കോളനിക്കാരുടെ ആരോപണം.വരദൂർ പുഴയോരത്തെ ചിറ്റൂർ പുഴങ്കുനി കോളനി 2018-ലും 19-ലും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. 19-ൽ രണ്ടുവീടുകൾ പൂർണമായും രണ്ടുവീടുകൾ ഭാഗികമായും തകർന്നടിഞ്ഞിരുന്നു. പുഴ കരകവിഞ്ഞ് സമീപത്തെ നെൽപ്പാടങ്ങൾ ഉൾപ്പെടെ നിറഞ്ഞതോടെ കുട്ടത്തോണിയിലാണ് ഇവരെ കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് എത്തിച്ചത്.

പേമാരി പെയ്തിറങ്ങിയതോടെ സർവതും നഷ്ടമായ കണിയാമ്പറ്റ പഞ്ചായത്തിൽ ഏത് മഴക്കാലത്തും പ്രളയഭീതിയിലാവുന്ന ചിറ്റൂർ പുഴങ്കുനി, കേണിവയൽ കോളനിക്കാരെ പുനരധിവസിപ്പിക്കാനായി ഗ്രാമപ്പഞ്ചായത്ത് ശ്രമംനടത്തി. തുടർന്നായിരുന്നു റീബിൾഡ് കേരളയിൽ ഇരുകോളനികളിലെയും ഓരോ കുടുംബങ്ങൾക്കായി 10 ലക്ഷം രൂപ വീതം അനുവദിച്ചത്.

കേണിവയൽ കോളനിയിലെ ചില കുടുംബങ്ങൾ ഈ തുക ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവെച്ച് താമസവും തുടങ്ങി. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ചിറ്റൂർ കോളനിക്കാർ സന്നദ്ധസംഘടനകൾ നിർമിച്ചുനൽകിയ താത്‌കാലിക ഷെഡ്ഡുകളിൽ ദിവസങ്ങൾ എണ്ണിനീക്കുകയാണ്.സമഗ്രാന്വേഷണം വേണം

മഴക്കാലമായാൽ ദുരിതത്തിലാവുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ ചിറ്റൂർ പുഴങ്കുനി കോളനിക്കാരെ സ്വകാര്യവ്യക്തി വഴിയില്ലാത്ത ഭൂമി നൽകി കബളിപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ സമഗ്രാന്വേഷണം വേണം കോളനിക്കാരോട് പഞ്ചായത്ത് മുൻകൈയെടുത്ത് സൊസൈറ്റിയെക്കൊണ്ട് വീടുനിർമാണം നടത്താമെന്നാവശ്യപ്പെട്ടതാണ്. എന്നാൽ, സ്വകാര്യവ്യക്തിയുടെ ചതിയിൽപ്പെട്ട് കോളനിക്കാർ തയ്യാറായില്ല. നിലവിൽ കലുങ്കുപണിയാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കും.

Leave A Reply