വിദേശ ബോക്സ് ഓഫീസ് കീഴടക്കാൻ ദിലീപ് ചിത്രം ‘വോയ്‌സ്‌ ഓഫ്‌ സത്യനാഥൻ’

സമീപകാല റിലീസുകളിൽ ഏറെ പ്രതീക്ഷ നൽകിയ ചിത്രം ആയിരുന്നു ‘വോയിസ് ഓഫ് സത്യനാഥൻ’. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസിന് എത്തിയിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ഈ ദീലീപ് ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

ജൂലൈ 28നാണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിൽ എത്തിയത്. ആദ്യം ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും ആദ്യ ദിവസം മുതൽ പൊസിറ്റീവ് ആയ ഫീഡ് ബാക്ക് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇതാ വിദേശത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ചിത്രം ഓസ്ട്രേലിയയിൽ പ്രദർശനം തുടരുകയാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഓ​ഗസ്റ്റ് 3(ഇന്ന്) മുതൽ ആണ് ഓസ്ട്രേലിയയിൽ വോയിസ് ഓഫ് സത്യനാഥൻ പ്രദർശനം തുടരുക. വിക്ടോറിയ ഉൾപ്പടെ ആറ് ഇടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ലിസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. യുഎഇ, ജിസിസി എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആറ് രാജ്യങ്ങളിലായി 87 സ്ക്രീനുകളില്‍ ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.

Leave A Reply