കുറഞ്ഞ ഓവര്‍ റേറ്റ്; ഇന്ത്യക്ക് മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യക്ക് 19 ഓവറാണ് എറിഞ്ഞു തീര്‍ക്കാനായത്. ഓരോവര്‍ കുറവായിരുന്നു. ഇതോടെ ഇന്ത്യ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയടയ്ക്കണം. വിന്‍ഡീസിന് 10 ശതമാനമാണ് പിഴ. അവര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ 18 ഓവറാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ ടീം പന്തെറിയുന്നതില്‍ പരാജയപ്പെട്ടാല്‍ കളിക്കാര്‍ക്ക് ഓരോ ഓവറിനും അവരുടെ മാച്ച് ഫീസിന്റെ അഞ്ച് ശതമാനം പിഴ ചുമത്തും. ഇരു ക്യാപ്റ്റന്മാരും കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ കൂടുതല്‍ നടപടികളില്‍ നിന്നൊഴിവാക്കി.

ട്രിനിഡാഡില്‍ നാല് റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. ടി20 അരങ്ങേറ്റം നടത്തിയ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍ 12 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ റണ്ണൗട്ടാവുകയായിരുന്നു.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ഇഷാന്‍ കിഷന് (6) ഇത്തവണ തിളങ്ങാനായില്ല. ശുഭ്മാന്‍ ഗില്ലും (3) നിരാശപ്പെടുത്തി. നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും (21) തിലക് വര്‍മയും (39) ഒന്നിച്ചപ്പോഴാണ് ഇന്ത്യ ഉണര്‍ന്നത്.

ഇരുവരും 39 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും പുറത്തായതോടെ കാര്യങ്ങള്‍ വിന്‍ഡീസിന് അനുകൂലമായി. ഹാര്‍ദിക് പാണ്ഡ്യയെ (19) ജേസണ്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കിയപ്പോള്‍, സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ (13), അര്‍ഷ്ദീപ് സിംഗ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

Leave A Reply