2024 ഓടെ സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തിയാകും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

2024 അവസാനത്തോടെ സംസ്ഥാനത്ത് സർക്കാർ നൂറ് പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കടിഞ്ഞിമൂല – മാട്ടുമ്മൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദ സഞ്ചാരത്തിനുതകും വിധം ദീപാലങ്കൃതമാക്കും. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനമായ 5600 കോടി രൂപ ചെലവഴിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

എം രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം (കണ്ണൂർ ) എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത , വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി , വാർഡ് കൗൺസിലർമാരായ എൻ.കെ വിനയരാജ്, റഫീഖ് കോട്ടപ്പുറം , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം രാജൻ, പി വിജയകുമാർ, ഇ.എം കുട്ടി ഹാജി , സിവി സുരേഷ്, കെ.സി പീറ്റർ , ഖാലിദ് കൊള വയൽ, കരീം ചന്തേര, ഡെറ്റോ ജോസഫ് , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഷംസുദീൻ അരിഞ്ചിറ, സണ്ണി അരമന, എം.ജെ ജോയ് , രാജീവൻ , സി.എസ് തോമസ്, എന്നിവർ സംസാരിച്ചു. പൊതു മരാമത്ത് പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ രമ സ്വാഗതവും പൊതു മരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ഐ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

തീരദേശ ടൂറിസത്തിന് സാധ്യത

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ടൂറിസം പദ്ധതികള്‍ക്ക് സാധ്യതയുണ്ടാക്കുന്ന കടിഞ്ഞിമൂല – മാട്ടുമ്മല്‍ പാലം 13.92 കോടി രൂപ ചിലവഴിച്ചാണ് നിർമിക്കുന്നത്. 11.14 കോടി രൂപ നബാര്‍ഡ് വിഹിതവും 2.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആണ് . 155 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 6 സ്പാനുകള്‍ ഉള്ള പാലത്തിന് ഇരുഭാഗങ്ങളിലുമായി 350 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കും. കടിഞ്ഞിമൂല മാട്ടുമ്മല്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് പാലം പൂര്‍ത്തീകരിക്കുന്നതോടെ നീലേശ്വരം നഗരത്തിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ദൂരം കുറയും.

Leave A Reply