ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. ഭാര്യയുടെ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യാവശ്യം ഉന്നയിച്ചത്. ഇത് എതിർത്ത സി.ബി.ഐ, ഭാര്യയുടെ ആരോഗ്യസ്ഥിതി സിസോദിയക്ക് ജാമ്യം നൽകാൻ മാത്രം ഗുരുതരമല്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മോശം രോഗപ്രതിരോധാവസ്ഥയ്ക്ക് 23 വർഷമായി സിസോദിയയുടെ ഭാര്യ ചികിത്സയിലാണെന്നും പുതിയ കാര്യമല്ലെന്നുമാണ് സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ സി.ബി.ഐയുടെ എതിർപ്പ് സുപ്രീംകോടതി പരിഗണിച്ചു. സെപ്തംബർ നാലിന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇടക്കാല ജാമ്യത്തിന്റെ കാര്യം അന്ന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില പരിതാപകരമാണെന്നും മകൻ വിദേശത്തായതിനാൽ ആരും സഹായിക്കാനില്ലെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി അറിയിച്ചു. നടക്കാനും കാഴ്‌ചയ്ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. സിസോദിയയുടെ പണമിടപാടിലെ പങ്കിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈമാറാൻ കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചു. ഡൽഹിയിലെ വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്.