ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാട്; എസ്എൻഡിപി അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിന്‍റെ തുടർപ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തിൽ എസ്എൻഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ‘മിത്ത്’ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.
അതേസമയം, മിത്ത് വിവാദത്തിൽ സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിഷയത്തിൽ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ അദ്ദേഹം വർഗീയത പ്രചരിപ്പിക്കുന്നതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി.
പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ബോധപൂർവമായ വർഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പ്രതികരിക്കും എന്നറിയണം. എഎൻ ഷംസീർ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
പത്താം തിയതി നിയമസഭക്ക് മുൻപിൽ നാമ ജപ ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഎൻ ഷംസീറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് നിയമസഭ സമ്മേളനത്തിന് കൂടുമോയെന്ന് വ്യക്തമാക്കണം. നിയമ സഭക്കുള്ളിൽ സ്പീക്കറെ ബഹിഷ്കരിക്കുമോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ശബരിമല വിഷയത്തിലും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.