‘‘വായടച്ചോളൂ, ഇല്ലെങ്കിൽ ഇ.ഡി. വീട്ടിൽ എത്തും’; പ്രതിപക്ഷ എം.പി യെ ഭീക്ഷണിപ്പെടുത്തി മന്ത്രി ലേഖി, വിവാദം
ഡൽഹി: ഡൽഹി സേവനബില്ലിന്റെ ചർച്ചയ്ക്കിടെ ലോക് സഭയിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതിപക്ഷ എം.പി.യോട് നടത്തിയ പരാമർശം വിവാദത്തിൽ. ‘‘ഒരു മിനിറ്റ്, മിണ്ടാതിരിക്കൂ… ഇല്ലെങ്കിൽ ഇ.ഡി. നിങ്ങളുടെ വീട്ടിലെത്തും.’’ എന്നാണ് പ്രസംഗത്തിനിടെ ലേഖി പറഞ്ഞത്. മന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തലാണെന്ന് ആരോപണമുയർന്നു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നത് പ്രതിപക്ഷം ഏറെ നാളായി ഉന്നയിക്കുന്ന വിഷയമാണെന്ന് എൻ.സി.പി. വക്താവ് ക്ലൈഡ് ക്രാസ്റ്റോ ചൂണ്ടിക്കാട്ടി. ഇപ്പോൾ കേന്ദ്രമന്ത്രി തന്നെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പ്രതിപക്ഷാംഗങ്ങളുടെ വീട്ടിലെത്തുമെന്ന് മുന്നറിയിപ്പുനൽകുന്നു. ഇത് ഭീഷണിയല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു.
പാർലമെന്റിൽ മന്ത്രിയുടെ ഇ.ഡി. പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. മന്ത്രിമാരിപ്പോൾ പ്രതിപക്ഷനേതാക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.