‘സിപിഐ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല’; മുഹമ്മദ് മുഹസീന്റെ രാജിയിൽ പാർട്ടി ജില്ല സെക്രട്ടറി

പാലക്കാട്: സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീൻ രാജി വെച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് വ്യക്തമാക്കി. നേരത്തെ ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്നും രാജി വെച്ചത്.

വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മുഹസീനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.

മുഹ്‌സിനെതിരെയുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്നും രാജിക്ക് ഒരുങ്ങിയിരുന്നതായും പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ കൂട്ടരാജി സമർപ്പിച്ചിരുതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസും ജില്ലാ നേതൃത്വം നൽകിയിരുന്നു. മൂന്ന് മണ്ഡലം കമ്മിറ്റികളിലെ അംഗങ്ങളുടെ രാജിയും നേതൃത്വം സ്വീകരിച്ചു.

Leave A Reply