‘ഞങ്ങൾ ഒറ്റകെട്ടാ….’; ആലിംഗനം ചെയ്ത് കൈകോർത്ത് നടന്ന് മോദിയുടെയും യോഗിയുടെയും സഹോദരിമാർ, ഇതാണ് യഥാർത്ഥ ഭാരതീയ സംസ്‌കാരമെന്ന് ബി ജെ പി നേതാവ്
ഡൽഹി: പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സഹോദരിമാർ ഒന്നിച്ച് സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരി വാസന്തി ബെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും വെള്ളിയാഴ്‌ച ഉത്തരാഖണ്ഡിലെ ഗാർവാളിലുള്ള ക്ഷേത്രത്തിലാണ് കണ്ടുമുട്ടിയത്. ഇരുവരും ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഭർത്താവിനൊപ്പം പൗരി ഗാർവാളിലെ നീലകാന്ത് മഹാദേവ ക്ഷേത്ര ദർശത്തിനായിരുന്നു വാസന്തി ബെൻ എത്തിയത്. തുടർന്ന് കോത്താരി ഗ്രാമത്തിലെ പാർവതി ക്ഷേത്രത്തിലെത്തി. ഇവിടെവച്ചാണ് യോഗിയുടെ സഹോദരിയെ കണ്ടുമുട്ടിയത്. കുറച്ച് നേരം സമയം ചെലവഴിച്ചതിനുശേഷം ഇരുവരും ക്ഷേത്രത്തിലേയ്ക്ക് പോയി ദർശനം നടത്തുകയും ചെയ്തു.
ബി ജെ പി നേതാവ് അജയ് നന്ദയാണ് വീഡിയോ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാരുടെ കൂടിക്കാഴ്‌ച ലാളിത്യം, ഭാരതീയ സംസ്കാരം, പാരമ്പര്യം എന്നിവയുടെ സത്തയുടെ ഉദാഹരണമാണെന്ന് വീഡിയോ പങ്കുവച്ച് അജയ് നന്ദ കുറിച്ചു.