കാഞ്ഞിരംപാറയിൽ രണ്ടുപേർക്ക് വെട്ടേറ്റ സംഭവംപ്രതി പിടിയിൽ

വട്ടിയൂർക്കാവ് : കാഞ്ഞിരംപാറയിൽ ജിംനേഷ്യം നടത്തിപ്പുകാരനെയും ജീവനക്കാരനെയും സ്ഥാപനത്തിനു മുന്നിൽവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിലായി. തിരുമല വേട്ടമുക്ക് ഉദയഗിരിനഗർ കാട്ടിൽ വീട്ടിൽ സന്തോഷ് (ശശി-29) ആണ് പിടിയിലായത്. സംഭവശേഷം പ്രതി ഒളിവിൽപ്പോയിരുന്നു.

തമിഴ്നാട്ടിലേക്കു പോകാനുള്ള ശ്രമം നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിൽനിന്നും സന്തോഷിനെ വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. വട്ടിയൂർക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ അജേഷ്, എസ്.ഐ.മാരായ ബൈജു, അരുൺകുമാർ, കൃഷ്ണഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാഞ്ഞിരംപാറ-മരുതംകുഴി റോഡിൽ സരോവരം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജിംനേഷ്യം നടത്തിപ്പുകാരനായ തൊഴുവൻകോട് സ്വദേശി ജിജോ, ജീവനക്കാരനായ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടുപേരുടെയും മുഖത്തും തലയിലുമാണ് പരിക്ക്. പരിക്കേറ്റവരുടെ ബന്ധുവായ സ്ത്രീ സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

 

Leave A Reply