വെള്ളനാട് : വെളിയന്നൂരിലെ കുറുങ്കല്ലൂരിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷന്റെ നെയ്ത്തുകേന്ദ്രവും ഡിപ്പോയും അധികൃതരുടെ അനാസ്ഥ കാരണം അടച്ചുപൂട്ടി. ഡിപ്പോ അടച്ചുപൂട്ടിയതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന നിരവധി കുടുംബങ്ങൾക്ക് തൊഴിലില്ലാതായി.
കുറുങ്കല്ലൂരിലെ വാടകക്കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ഡിപ്പോ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബാംബൂ കോർപ്പറേഷൻ അധികൃതർ പൂട്ടിയത്.നെയ്ത്തുകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം, ഉടമ വിറ്റതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വാദം.എന്നാൽ, ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് വാടക നൽകിയിട്ട് മാസങ്ങളായി. ജീവനക്കാർക്ക് ബാംബൂ കോർപ്പറേഷൻ ഒൻപത് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും കഴിഞ്ഞ ഏപ്രിൽ മുതൽ ഈറ്റത്തൊഴിലാളികൾക്ക് ഈറ്റ ഉത്‌പന്നങ്ങൾ നെയ്ത വകയിൽ കൂലി ലഭിക്കാനുണ്ടെന്നും ഈറ്റത്തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഡിപ്പോയിൽനിന്നുള്ള ഈറ്റവിതരണവും നിർത്തിവെച്ചിരിക്കുകയാണ്. ഡിപ്പോയിൽനിന്ന് ഈറ്റ വാങ്ങുന്ന തൊഴിലാളികൾ അവ വീടുകളിൽ കൊണ്ടുപോയി പായ, വട്ടി, കുട്ട ഉൾപ്പെടെയുള്ളവ നെയ്ത് തിരികെ ഡിപ്പോയിൽ എത്തിക്കുകയാണ് പതിവ്.
ഈറ്റയുടെ ലഭ്യത ഇല്ലാതായതോടെ ഇവരുടെ വരുമാനമാർഗവും നിലച്ചു. നെയ്ത്തുകേന്ദ്രത്തിലെ യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇപ്പോൾ തുരുമ്പെടുത്തു നശിക്കുകയാണ്.