തിരുവനന്തപുരം : കിള്ളിപ്പാലത്തെ വലിയ ആക്രിക്കടകളിലൊന്നിലെ കടലാസ് ഉത്പന്നങ്ങൾ ശേഖരിക്കുന്ന ഗോഡൗണിൽ തീപ്പിടിത്തം. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം.ബണ്ട് റോഡിനു സമീപം ലക്ഷ്മി ഏജൻസീസ് എന്ന ആക്രിക്കടയുടെ വലിയ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നതുകണ്ട സമീപവാസികളാണ് ആദ്യം കടയുടമയെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. ഗോഡൗണിൽ കൂടുതലും പേപ്പറും കാർഡ് ബോർഡുകളുമായതിനാൽ തീപിടിച്ചപ്പോൾ പെട്ടെന്ന് പടർന്നു. പ്രദേശമാകെ പുകയുമായി.
ചാക്ക, രാജാജി നഗർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീ അണയ്ക്കാൻ തുടങ്ങിയപ്പോഴാണ് പടരുന്നത് ഒഴിവാക്കാൻ സാധിച്ചത്. അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി മൂന്നുമണിക്കൂർകൊണ്ടാണ് തീ അണച്ചത്.
നാലുവർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇടുങ്ങിയ റോഡിലൂടെ അഗ്നിരക്ഷാസേന വാഹനങ്ങൾ കടന്നുവരാൻ ബുദ്ധിമുട്ടായിരുന്നു. ആളപായമില്ല. തീപിടിച്ചപ്പോൾ അവിടെ രണ്ട് ജീവനക്കാരുണ്ടായിരുന്നു.